കാസര്‍കോട്: പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ ഗ്രാമത്തിലെ പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്രപ്രസാദിനെയാണ് ആദൂര്‍ എസ് ഐ എം സുജിലേഷും സംഘവും അറസ്റ്റ് ചെയ്തത്. 2022 ഏപ്രില്‍ 5ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. വെള്ളരിക്കയയിലെ വീട്ടില്‍ വെച്ച് 57കാരനായ ബാലകൃഷ്ണ നായിക്ക് മകന്‍ നരേന്ദ്രപ്രസാദിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ മരണപ്പെടുകയായിരുന്നു. കൊലപാതകത്തില്‍ ആദൂര്‍ പോലീസ് കേസ്സെടുത്തുവെങ്കിലും സംഭവത്തിനു ശേഷം ഒളിവില്‍ പോവുകയായിരുന്നു. 2022 ജൂലൈ 31 ന് കോടതിയില്‍ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും പ്രതി കാണാമറയത്തായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പ്രതിയെ പോലീസ് വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
