local news

അജാനൂര്‍ ഹാര്‍ബര്‍, മാണിക്കോത്ത് മേല്‍പ്പാലം: രാഷ്ട്രീയ ഇടപെടല്‍ ശക്തമാക്കാനും മുഖ്യമന്ത്രിയെ സന്ദര്‍ശിപ്പിക്കാനും യു.ഡി.എഫ്. നീക്കം

കാഞ്ഞങ്ങാട്: നിര്‍ദിഷ്ട അജാനൂര്‍ ഹാര്‍ബര്‍, മാണിക്കോത്ത് റെയില്‍വേ മേല്‍പ്പാലം എന്നീ പദ്ധതികള്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനായി രാഷ്ട്രീയതലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ അജാനൂര്‍ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ മുബാറക്ക് ഹസൈനാര്‍ ഹാജി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 2011-16 കാലഘട്ടത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് അജാനൂര്‍ ഹാര്‍ബറിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്നത്തെ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസീമ ടീച്ചറുടെയും വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ യു.ഡി.എഫ്. ഭരണസമിതി യു ഡി എഫ് നേതാക്കളുടെ പിന്തുണയോടെ നടത്തിയ ഇടപെടലുകളുടെ ഫലമായി പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിക്കുകയും, പഠനാവശ്യങ്ങള്‍ക്കായി 55 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. പ്രദേശം ഹാര്‍ബറിന് അനുയോജ്യമാണെന്ന് പഠനത്തില്‍ കണ്ടെത്തുകയും തുടര്‍നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് ഭരണമാറ്റമുണ്ടായത്. തുടര്‍ന്നുള്ള 10 വര്‍ഷക്കാലത്തെ പിണറായി ഭരണ കാലത്ത് പദ്ധതി പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലായിരുന്നു. നിലവിലെ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അജാനൂര്‍ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെയും യു.ഡി.എഫ്. നേതൃത്വവും വിവിധ സംഘടനകളും നടത്തിയ നിരന്തര ഇടപെടലുകളെത്തുടര്‍ന്ന് ഹാര്‍ബര്‍ ഫയലുകളില്‍ വീണ്ടും അനക്കമുണ്ടായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഒരു സാങ്കേതിക തടസ്സം (ഒബ്ജക്ഷന്‍) കൂടി നീങ്ങിക്കിട്ടിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും. ഇതിനായി ബഹുമാനപ്പെട്ട എം.പി.യുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ ഇടപെടലുകള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍, ഈ മാസം 20-ന് കാസര്‍കോട് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി നിര്‍ദിഷ്ട ഹാര്‍ബര്‍ പ്രദേശം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടാനും അതിനാവശ്യമായ സമ്മര്‍ദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ മാണിക്കോത്ത് റെയില്‍വേ മേല്‍പ്പാലത്തിനായുള്ള ഇടപെടലുകള്‍ യു ഡി എഫ് തലത്തിലും മുസ്ലിം ലീഗ് പാര്‍ട്ടി തലത്തിലും ആരംഭിക്കുകയും ബജറ്റില്‍ പദ്ധതി തത്വത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നടത്തിയ പഠനത്തില്‍, സ്ഥലമെടുപ്പ് ഉള്‍പ്പെടെ ഏകദേശം 45 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത് . നിലവില്‍ റെയില്‍വേ ഗേറ്റ് ഇല്ലാത്ത സ്ഥലമായതിനാല്‍, നിര്‍മ്മാണത്തിനാവശ്യമായ മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ തുക അടിയന്തരമായി അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.മേല്‍പ്പാലം യാഥാര്‍ത്യമാക്കാനുള്ള സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്താനും യു.ഡി.എഫ്. യോഗം തീരുമാനിച്ചു.യു ഡി എഫ് നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍ ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ജനറല്‍ കണ്‍വീനര്‍ വി.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, തെരുവത്ത് മൂസ ഹാജി, സി. മുഹമ്മദ് കുഞ്ഞി, എ. ഹമീദ് ഹാജി, എ. പി. ഉമര്‍,സി. വി. തമ്പാന്‍,ടി. കൃഷ്ണന്‍,കെ.രവീന്ദ്രന്‍,ദിനേശന്‍ മുലക്കണ്ടം,ബഷീര്‍ ചിത്താരി, കെ.എം. മുഹമ്മദ് കുഞ്ഞി, വി.വി. നിഷാന്ത്,സി. എച്ച്. കുമാരന്‍, സി. കുഞ്ഞാമിന,പി. കെ.കാര്‍ത്തിയാണി, സി.സുമിത തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!