ക്ഷേത്രം കൈത്താങ്ങാകുമ്പോള്‍; നിര്‍ധന രോഗികള്‍ക്ക് തണലായി മന്നന്‍പുറത്ത് കാവ്
നീലേശ്വരം: ആരാധനാലയങ്ങള്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ അത് സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് സാംസ്കാരികം-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നീലേശ്വരം മന്നന്‍പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിന്റെ ‘അമ്മ തണല്‍’ നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷേത്രത്തിന്റെ കീഴില്‍ ഇത്രയും വലിയ തോതില്‍ ചികിത്സാ സഹായം നല്‍കുന്നത് അപൂര്‍വമാണ്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരാധനാലയങ്ങളുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മാതൃകയാണ് അമ്മ തണല്‍ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ചികിത്സാ ധനസഹായം നല്‍കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിച്ച മെഡിക്കല്‍ ടീം പരിശോധന നടത്തി ഗുണഭോക്താക്കളെ കണ്ടെത്തിയ നടപടി മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് ഒ.കെ. വാസു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസര്‍ എം. മഹേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 1193 അപേക്ഷകളില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിച്ച മെഡിക്കല്‍ ടീം പരിശോധന നടത്തി 100 പേര്‍ക്കാണ് ചികിത്സാ സഹായം അനുവദിച്ചത്. ഒരു കുടുംബത്തിന് 10,000 രൂപ വീതം ചികിത്സാ സഹായമായി ലഭിക്കും.
നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജു, ബോര്‍ഡ് മെമ്പര്‍ കെ.വി. ബാബു, ഏരിയ കമ്മിറ്റി ചെയര്മാന് കെ.വി. സുരേന്ദ്രന്, അസി. കമ്മീഷണര്‍ കെ.വി. പ്രദീപ് കുമാര്‍, എ.കെ. ജയരാജ്, വാര്‍ഡ് കൗണ്‍സിലര്‍ വി. രാജം, പി.കെ. ഫൈസല്‍, പാരമ്പര്യ ട്രസ്റ്റിമാരായ വാസുദേവ മൂത്തപിടാരര്, കരുണാകര എറുവാട് നായര്‍, എ.കെ.ബി. അരമന നായര്‍ എന്നിവര്‍ സംബന്ധിച്ചു. എക്സിക്യൂട്ടീവ് ഓഫീസര്‍ എം. മഹേഷ് സ്വാഗതവും സജീവന് കുട്ടമത്ത് നന്ദിയും പറഞ്ഞു.

