State

ഗാനനാദലയത്തിലലിയാന്‍ ബേക്കല്‍ ഗോകുലം ഗോശാല

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നവംബര്‍ 10 മുതലുള്ള 14 നാളുകള്‍ ഗാനനാദ പ്രവാഹത്തിന്റെതായിരിക്കും. നാടന്‍ പശു സംരക്ഷണവും കലയും ആദ്ധ്യാത്മികതയും സംയോജിക്കുന്ന ത്രിവേണി സംഗമ സ്ഥാനം കൂടിയായ ഗോകുലം ഗോശാല ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീതോത്സവത്തിനാണ് വേദിയാവുന്നത്. 14 ദിവസം നീണ്ടു നില്‍ക്കുന്ന സംഗീതോത്സവം , ദിവസവും പതിനാലു മണിക്കൂറിലേറെ ഇടതടവില്ലാതെ കച്ചേരികള്‍ ഒരേ സമയത്ത് രണ്ട് വേദികളിലായി മൊത്തം 400 മണിക്കൂറിലേറെ സംഗീതധാരയൊഴുകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രീയ സംഗീതോത്സവത്തിനാണ് ഗോകുലം ഗോശാല വേദിയാവുക. കര്‍ണ്ണാടിക് ഹിന്ദുസ്ഥാനി ശൈലികളിലുള്ള സംഗീതങ്ങളും നാമസങ്കീര്‍ത്തനവും ഹരികഥയും ഭജനകളും വദ്യോപകരണ സംഗീതങ്ങളും അഷ്ടപദിയും കഥകളി സംഗീതവും സോപാന സംഗീതവും ഷെഹ്നായി ഡ്രംസ് ഇവയെല്ലാം ഒന്നിക്കുന്ന മഹത്തരമായ സംഗീതവിരുന്നിനാണ് ഗോകുലം ഗോശാല ഒരുങ്ങുന്നത്. ഗോകുലം ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍ രചിച്ച് വെള്ളിക്കോത്ത് വിഷ്ണു ഭട്ട് ഈണം നല്‍കിയ പത്തോളം ഭജനകള്‍ നാഗരത്‌നാ ഹെബ്ബാറും സംഘവും ആലപിച്ച് കൊണ്ടാണ് ഈ വര്‍ഷത്തെ ദീപാവലി സംഗീതോത്സവത്തിന് തുടക്കം കുറിക്കുക.

പ്രശസ്തരുടെ നീണ്ട നിര
ഈ വര്‍ഷത്തെ ഗോശാല സംഗീതോത്സവത്തില്‍ പ്രശസ്ത സംഗീത ജ്ഞരുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുക. ലോക പ്രശസ്ത വയലിന്‍ വിദ്വാന്‍ പദ്മവിഭൂഷണ്‍ എല്‍ സുബ്രഹ്‌മണ്യം , പദ്മഭൂഷണ്‍ ടി എന്‍ ശേഷഗോപാല്‍ , പദ്മഭൂഷണ്‍ ടി വി ഗോപാലകൃഷ്ണന്‍ ചെന്നൈ , പദ്മശ്രീ അരുണ സായിറാം , പദ്മശ്രീ ഭല്ലേഷ്, പദ്മശ്രീ ശിവമണി, ശിവശ്രീ സ്‌കന്ദപ്രസാദ്, മൈഥിലി ഠാക്കൂര്‍, പ്രശസ്ത സിനിമാ പിന്നണി ഗായകരായ മാളവിക സുന്ദര്‍, സിദ്ധാര്‍ത്ഥ് ബെല്‍ മണ്ണ് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത നിര

പരമ്പര ആശയം

ഇത്തവണത്തെ സംഗീതോത്സവത്തിന്റെ പ്രത്യേകത പരമ്പര എന്ന ആശയമാണ്. ഗുരു ശിഷ്യന്മാര്‍ അച്ഛനും മക്കളും , അമ്മയും മക്കളും ചേര്‍ന്ന പരിപാടികള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. അറുപതിലേറെ പരിപാടികള്‍ ഈ ആശയത്തില്‍ നടക്കുന്നു.

പരമ്പര അവാര്‍ഡുകള്‍

ഈ വര്‍ഷത്തെ പരമ്പര വിഭൂഷണ അവാര്‍ഡ് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ മധുരൈ ടി. എന്‍ ശേഷ ഗോപാലിനാണ് നല്‍കുക 61000 രൂപയും താമ്ര ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പരമ്പര ഭൂഷണ അവാര്‍ഡ് കേരളത്തിലെ പ്രശസ്ത വയലിന്‍ വിദ്വാന്‍ നെടുമങ്ങാട് ശിവാനന്ദന്‍ ഏറ്റുവാങ്ങും 51000 രൂപയും താമ്രഫലകവും നല്‍കും. പരമ്പര ശ്രീ അവാര്‍ഡ് കര്‍ണ്ണാടകയില്‍ നിന്നുള്ള പ്രശസ്ത മൃദംഗ വിദ്വാന്‍ ആനൂര്‍ അനന്തകൃഷ്ണ ശര്‍മ്മക്കാണ് 41000 രൂപയും താമ്രഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പരമ്പര യുവ പ്രതിഭ പുരസ്‌കാരം ബിഹാറില്‍ നിന്നുള്ള എം എല്‍ എ യും ഗായികയുമായ മൈഥിലി ഠാക്കൂറിനാണ്. ബാലപ്രതിഭ പുരസ്‌കാരം വയലിനിലില്‍ വിസ്മയം തീര്‍ക്കുന്ന കുമാരി ഗംഗയ്ക്കാണ്. 25000 രൂപയും താമ്രഫലകവും ഇരുവര്‍ക്കും സമ്മാനിക്കും.

ഗോശാല ഒരു കലാശാല

ഗോക്കളും കലകളും എന്ന ആശയവുമായി വിഷ്ണപ്രസാദ് ഹെബ്ബാറും ഡോ നാഗരത്നയും മുന്നോട്ട് വരുമ്പോള്‍ ഇത് പോലെ ഒരു സ്വീകാര്യത ലഭിക്കും എന്ന് ഒരിക്കലും അവര്‍ കരുതിയിരുന്നില്ല. കേവലം ആറ് വര്‍ഷം കൊണ്ട് ലോക കലാ ഭൂപടത്തില്‍ അഗ്രഗണ്യ സ്ഥാനമാണ് ഗോശാലക്ക് ലഭിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ 15 ദിവസം നിണ്ടു നില്‍ക്കുന്ന നൃത്തോത്സവവും ദീപാവലി സമയത്തുള്ള 14 ദിവസത്തെ സംഗീതോത്സവവും ഇന്ന് ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
നാടന്‍ പശു സംരക്ഷണം എന്ന ആശയവുമായി 2010 ല്‍ വെച്ചൂര്‍ പശുവും കാളയുമായി തുടങ്ങിയ ഗോശാല ഇന്ന് 280 ഓളം പശുക്കളാല്‍ സമ്പന്നമാണ്
വെച്ചൂര്‍ , കാസര്‍ഗോഡ് കുള്ളന്‍, മലനാട് ഗിഡ്ഡ , ഹള്ളികാര്‍, ഗീര്‍ , കാന്‍ക്രേജ് , ഓങ്കോള്‍ , ബര്‍ഗൂര്‍, കാങ്കയം എന്നീ നാടന്‍ ഇനങ്ങള്‍ ഗോശാലയില്‍ സംരക്ഷിക്കപ്പെടുന്നു. വൃത്തിയ്ക്കും പശുക്കളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്ന ഗോശാലയില്‍ പാല്‍ വില്‍പന ഇല്ല. പഞ്ചഗവ്യങ്ങളെ കൊണ്ട് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു

 

error: Content is protected !!