ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും
കാസര്‍കോട്: പിലിക്കോട് മടിവയലില്‍ 67 വയസ്സുകാരനായ പത്താനത്ത് കുഞ്ഞമ്പുവിനെ വീട്ടിനുള്ളില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും 200,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്).
കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ ഭാര്യയുമായ ജാനകി എന്ന വെമ്പിരിച്ചി ജാനകി (55), രണ്ടാം പ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവ് അനുഭവിക്കണമെന്നും,കൂടാതെ കേസില്‍ രണ്ടാം പ്രതിക്ക് സെക്ഷന്‍ 449 ഐ പി സി പ്രകാരം 10 വര്‍ഷം അധികതടവും 100000 രൂപ പിഴയും കോടതി വിധിച്ചു. മൂന്നാം പ്രതിയായ അനില്‍ എന്ന അനിമാമന്‍ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
2021 ജൂലൈ 21-ന് രാത്രി പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോവിഡ് ബാധയെത്തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിക്കുറവുണ്ടായി ശാരീരിക അവശതകള്‍ അനുഭവിച്ചിരുന്ന കുഞ്ഞമ്പു വീട്ടിലെ ഹാള്‍ മുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഇയാളെ പരിചരിച്ചുവന്നിരുന്ന ഭാര്യ ജാനകിക്ക് അതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നതും, ഭര്‍ത്താവുമായുള്ള നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളും കൊലപാതകത്തിന് കാരണമായെന്നാണ് പ്രോസിക്യൂഷന് കേസ്.
ജാനകിയുടെ നിര്‍ദേശപ്രകാരം അവരുടെ സാന്നിധ്യത്തില്‍ രണ്ടാം പ്രതി രാജേഷും മൂന്നാം പ്രതി അനിലും ചേര്‍ന്ന് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കുഞ്ഞമ്പുവിന്റെ ബന്ധുവായ പ്രമോദ് നല്കിയ പരാതിയില്‍ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അന്നത്തെ ചന്തേര സബ് ഇന്‍സ്പെക്ടറും നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടറുമായ എം വി .ശ്രീദാസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ചന്തേര പോലീസ് ഇന്‍സ്പെക്ടറും നിലവില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ പി. നാരായണനാണ്.
വിചാരണയ്ക്കിടെ പ്രോസിക്യൂഷന് 10 തൊണ്ടിമുതലുകളും 58 രേഖകളും കോടതിയില്‍ ഹാജരാക്കി. 30 സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷന് ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും സാഹചര്യത്തെളിവുകളും വിലയിരുത്തിയാണ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ ജി ചന്ദ്രമോഹനന് അഡ്വ: ചിത്രകല എന്നിവര്‍ ഹാജരായി.

