അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു; പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിച്ചു.

മാവുങ്കാല്‍ : എം.സി.എഫ് എന്നാല്‍ മാലിന്യം കൊണ്ട് തള്ളുന്ന സ്ഥലം എന്ന പൊതു ധാരണ തിരുത്തിക്കുറിച്ചുകൊണ്ട്അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷന്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. മാലിന്യ ശേഖരണ കേന്ദ്രത്തില്‍ വര്‍ണ്ണ പൂക്കളം തീര്‍ത്ത് പ്രതീക്ഷയുടെയും നന്മയുടെയും മനോഹാരിത തീര്‍ക്കാന്‍ കഴിയും എന്ന് അജാനൂര്‍ ഗ്രാമപഞ്ചായത്ത്ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ഓണാഘോഷ പരിപാടികളിലൂടെ തെളിയിച്ചിരിക്കുകയാണ്.ഓണാഘോഷ പരിപാടികള്‍ മാത്രമല്ല വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഒന്നിച്ചിരുന്ന് ഒരുമയോടെ ആസ്വദിച്ച് കഴിച്ചാണ് എല്ലാവരും പിരിഞ്ഞുപോയത്. മാവുങ്കാല്‍ ആനന്ദാശ്രമത്തിനടുത്തുള്ള ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷന്‍ സെന്ററില്‍ നടന്ന ഓണാഘോഷ പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ ആരോഗ്യ ശുചിത്വ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി. രാഘവന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി.കാവ്യ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ. സബീഷ്,അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ എ.തമ്പാന്‍, വി. ഇ. ഒ മാരായ ജിജേഷ്, ഇക്ബാല്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു സ്വാഗതവും ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷന്‍ സെക്രട്ടറി കെ. ശോഭ നന്ദിയും പറഞ്ഞു.

 

error: Content is protected !!