നീലേശ്വരത്ത് വികസനം മുരടിച്ചെന്ന പ്രസ്താവനക്കെതിരെ നഗരസഭ ചെയര്‍മാന്‍; 700 കോടിയുടെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു

നീലേശ്വരം: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലും നീലേശ്വരത്തും വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന മട്ടില്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ നടത്തുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് നീലേശ്വരം നഗരസഭ ചെയര്‍മാന്‍ വ്യക്തമാക്കി. ഉത്തരവാദപ്പെട്ട പദവിയിലിരുന്ന് യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കാനും രാഷ്ട്രീയ ലാഭത്തിനായി വികസന മുരടിപ്പ് ആരോപിക്കാനും എം.എല്‍.എ ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ ശക്തമായ പിന്തുണയോടെ നീലേശ്വരം നഗരസഭയില്‍ മാത്രം 700 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. യു.ഡി.എഫ് സര്‍ക്കാരുകള്‍ എന്നും ഈ പ്രദേശത്തോട് കാണിച്ച അവഗണനയും വിവേചനവും ചരിത്രത്തിന്റെ ഭാഗമാണ്. 2006-ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അനുവദിച്ച ഇ.എം.എസ്. സ്റ്റേഡിയം 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ നോക്കിയതാണ്. പിന്നീട് 2016-ല്‍ എല്‍.ഡി.എഫ് അധികാരത്തില്‍വന്ന ശേഷമാണ് അത് യാഥാര്‍ത്ഥ്യമാക്കാനായത്. കോട്ടപ്പുറം പാലത്തിന്റെയും സ്ഥിതി മറിച്ചായിരുന്നില്ല.
ഇ.എം.എസ്. സ്റ്റേഡിയം, പാലായി ക്രോസ്ബാര്‍ കം ബ്രിഡ്ജ്, കോട്ടപ്പുറം, ഓര്‍ച്ച, കടിഞ്ഞിമൂല, മുണ്ടേമ്മാട്, അഴീത്തല-ഓര്‍ക്കളം, കച്ചേരിക്കടവ് പാലങ്ങള്‍, ടൗണ്‍ റിംഗ് റോഡുകള്‍, കുടിവെള്ള പദ്ധതികള്‍, ഹൗസ് ബോട്ട് ടെര്‍മിനല്‍, കോട്ടപ്പുറം ടൗണ്‍ഹാള്‍, മാര്‍ഷല്‍ അക്കാദമി, മുന്‍സിപ്പല്‍ ഓഫീസ് മന്ദിരം, നീലേശ്വരം ടൗണ്‍ റെയില്‍ മേല്‍പ്പാലം, കേന്ദ്രീയ വിദ്യാലയം, സംസ്ഥാനതല ശ്രദ്ധ നേടിയ നീലേശ്വരം ജി.എല്‍.പി. സ്‌കൂള്‍, നിര്‍മ്മാണത്തിലിരിക്കുന്ന ആയുര്‍വേദ ആശുപത്രി, ബഡ്‌സ് സ്‌കൂള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര പദ്ധതികളാണ് ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. ഇവയെല്ലാം നീലേശ്വരത്തല്ലെങ്കില്‍ അമേരിക്കയിലാണോ എന്ന് എം.എല്‍.എ വ്യക്തമാക്കണമെന്ന് ചെയര്‍മാന്‍ വെല്ലുവിളിച്ചു. യു.ഡി.എഫ് ഭരണകാലത്ത് ഇതിലൊന്ന് പോലും അനുവദിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.
16 കോടി ചെലവില്‍ നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് നഗരത്തിന്റെ മുഖച്ഛായ മാറ്റിക്കഴിഞ്ഞു. കിഫ്ബി വഴി അനുവദിച്ച 26 കോടിയുടെ രാജാ റോഡ് വികസനം, 28 കോടിയുടെ നീലേശ്വരം-ഇടത്തോട് റോഡ് എന്നിവ കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ മുന്‍നിര നഗരങ്ങളിലൊന്നായി നീലേശ്വരം മാറും. ഈ വികസനങ്ങളുടെയെല്ലാം പിതൃത്വം ഏറ്റെടുക്കാന്‍ ആരും വ്യാമോഹിക്കേണ്ടതില്ല. നീലേശ്വരത്ത് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രമുഖര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും, അടുത്ത ദിവസങ്ങളില്‍ തന്നെ സംരംഭകത്വ മീറ്റ് ചേരുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
സിനിമ രംഗത്തെ പഴയ പ്രതിസന്ധികള്‍ക്കിടയിലാണ് നീലേശ്വരത്തെ തിയേറ്ററുകള്‍ അന്ന് ഇല്ലാതായതെന്നും, പിന്നീട് സാഹചര്യം മാറിയപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ അവിടെ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങുകയാണ്ടായതെന്നും ചെയര്‍മാന്‍ വിശദീകരിച്ചു. എന്നാല്‍, പിന്നീട് നീലേശ്വരത്ത് പുതിയ സിനിമ തിയേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയെങ്കിലും ലീഗ് നേതൃത്വം നല്‍കിയ എതിര്‍പ്പുകളാണ് അത് തടസ്സപ്പെടുത്തിയത്.
ടെന്‍ഡര്‍ കഴിഞ്ഞ 13 കോടിയുടെ താലൂക്ക് ആശുപത്രി കെട്ടിടം, 5 കോടിയുടെ ടൗണ്‍ ഹാള്‍, 2 കോടിയുടെ പാലായി റോഡ് എന്നിവയുടെ പ്രവൃത്തികള്‍ വേഗത്തിലാക്കാനും, ഭരണാനുമതിയുടെ അവസാന ഘട്ടത്തിലുള്ള മിനി സിവില്‍ സ്റ്റേഷന്‍, കല്ലളന്‍ വൈദ്യര്‍ സാംസ്‌കാരിക സമുച്ചയം എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ എം.എല്‍.എ ആത്മാര്‍ത്ഥമായി ഇടപെടുകയാണ് വേണ്ടത്. നവമാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും പൊള്ളയായ വാഗ്വാദങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതേണ്ടെന്നും ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി.

 

error: Content is protected !!