തിരുവോണനാളില്‍ പൂക്കളങ്ങളുടെ വര്‍ണവിസ്മയത്തില്‍ നിത്യാനന്ദാശ്രമം: എറണാകുളം നവോദയയിലെ വിജയകുമാറും സംഘവും 38000 രൂപയുംസ്വര്‍ണ്ണ കപ്പും നേടി

കാഞ്ഞങ്ങാട്: തിരുവോണനാളില്‍ പൂക്കളങ്ങളുടെ വര്‍ണവിസ്മയത്തില്‍ ലയിച്ച് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദാശ്രമം. നിത്യാനന്ദ യുവജന സേവാസമിതി തുടര്‍ച്ചയായ 38-ാം വര്‍ഷവും നടത്തിയ സംസ്ഥാനതല പൂക്കള മത്സരമാണ് ഇത്തവണയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. വിവിധ ജില്ലകളില്‍ നിന്നുള്ള 16 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കലാകാരന്മാര്‍ ഒരുക്കിയ പൂക്കളങ്ങള്‍ കാണാന്‍ ആയിരങ്ങളാണ് ആശ്രമത്തിലേക്ക് എത്തിയത്. പൂക്കള മത്സരത്തിന് പുറമെ മംഗളൂരു ടീമിന്റെ പുലിക്കളിയും വിവിധ കലാപരിപാടികളും അരങ്ങേറി.
മത്സരത്തില്‍ എറണാകുളം നവോദയയിലെ വിജയകുമാറും സംഘവും ഒന്നാം സ്ഥാനം നേടി. കല്ലംചിറ കെ.ബാലകൃഷ്ണന്‍ സ്മാരക സ്വര്‍ണ്ണക്കപ്പും 38,000 രൂപയുമാണ് സമ്മാനം. കണ്ണപുരം ശ്രീലക്ഷ്മിയിലെ കെ.വി. രഞ്ജിത്തും സംഘവും രണ്ടാം സ്ഥാനവും, ഉദുമ കോതറമ്പത്ത് ശശിയും സംഘവും മൂന്നാം സ്ഥാനവും സ്വന്തമാക്കി. പയ്യന്നൂര്‍ കോളേജ് വിറാസ് ടീമിലെ ഷിജേഷും സംഘമാണ് നാലാം സ്ഥാനത്തെത്തിയത്.സമാപന സമ്മേളനത്തില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്. ദിനേശന്‍ മുഖ്യാതിഥിയായി. നഗരസഭാ കൗണ്‍സിലര്‍ വി. ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി. ചന്ദ്രന്‍, സൗമ്യ സുനില്‍, കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമം പബ്ലിക് ട്രസ്റ്റ് സെക്രട്ടറി കെ.വി. ഗണേശന്‍, സമിതി പ്രസിഡന്റ് നിതിന്‍ കുമാര്‍, ട്രഷറര്‍ സുധീര്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!