കാഞ്ഞങ്ങാട്: നബിദിനവും ഉത്രാടവും ഒരുമിച്ച് വരുന്ന പശ്ചാത്തലത്തില്‍, നഗരത്തിലെ തിരക്കും പ്രയാസങ്ങളും ഒഴിവാക്കുന്നതിനായി നബിദിന ഘോഷയാത്രകള്‍ ഓഗസ്റ്റ് 26-ലേക്ക് മാറ്റിവെക്കാനുള്ള കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ തീരുമാനം ഏറെ പ്രശംസനീയവും സ്വാഗതാര്‍ഹവുമാണെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസ്താവനയില്‍ അറിയിച്ചു. ഉത്രാട ദിനത്തിലെ കച്ചവട തിരക്കുകളും പൊതുജനങ്ങളുടെ യാത്രാ സൗകര്യങ്ങളും കണക്കിലെടുത്ത് എടുത്ത ഈ തീരുമാനം നാടിന്റെ സൗഹാര്‍ദ അന്തരീക്ഷവും പരസ്പര സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതാണ്. ഓണം-നബിദിന വിപണി സജീവമാകുന്ന വേളയില്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ആശ്വാസമേകുന്ന ഈ നടപടിയെ മര്‍ച്ചന്റ്സ് അസോസിയേഷന് അഭിവാദ്യം ചെയ്യുന്നു. നാടിന്റെ ഐക്യവും പുരോഗതിയും മുന്‍നിര്‍ത്തി ഇത്തരം മാതൃകാപരമായ നിലപാട് സ്വീകരിച്ച സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികളെയും മഹല്ല് കമ്മിറ്റികളെയും അസോസിയേഷന് പ്രത്യേകമായി അഭിനന്ദിച്ചു.
