മണ്ണിനെ മാറോട് ചേര്‍ത്ത് സാബു കാരാക്കോട്; പ്രതിസന്ധികള്‍ക്കിടയിലും ജൈവ കൃഷിയില്‍ പച്ചപ്പിന്റെ പോരാട്ടം

മടിക്കൈ: മണ്ണിന്റെ മണവും ഗുണവും തിരിച്ചറിഞ്ഞ് കൃഷിയെ ജീവിതമാര്‍ഗമാക്കിയ യുവ കര്‍ഷകനാണ് മടിക്കൈ കാരാക്കോട്ടെ കെ.ജെ. സാബു. കാഞ്ഞങ്ങാട് നഗരത്തില്‍ ജീപ്പ് ടാക്‌സി ഓടിച്ചിരുന്ന സാബു, മുഴുവന്‍ സമയ കര്‍ഷകനായിരുന്ന പിതാവിന്റെ മരണത്തോടെയാണ് കൃഷിയിലേക്ക് പൂര്‍ണമായി തിരിഞ്ഞത്. പിന്നീട് അമ്മയുടെ മരണത്തോടെ പഞ്ചായത്തിന് പുറത്തുള്ള പാട്ടകൃഷിയും ഒഴിവാക്കി വീട്ടിനടുത്തുള്ള രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷിയൊതുക്കി.

മടിക്കൈ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലായി ഒരുകാലത്ത് പതിനഞ്ച് ഏക്കറോളം സ്ഥലത്താണ് സാബു പാട്ടകൃഷി നടത്തിയിരുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന കൃഷി കഴിഞ്ഞ മൂന്ന് വര്‍ഷമായി കാരാക്കോട്ടെ വീട്ടിനടുത്തുള്ള രണ്ടര ഏക്കറിലാണ്. മുമ്പ് തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കൃഷിയെങ്കില്‍ ഇന്ന് മണ്ണില്‍ പണിയെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ കൃഷിയുടെ മുഴുവന്‍ ചുമതലയും സാബു ഒറ്റയ്ക്കാണ് വഹിക്കുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ കൃഷിയിടത്തില്‍ സജീവമായ സാബു നിലമൊരുക്കാന്‍ മാത്രമാണ് ഹിറ്റാച്ചിയുടെ സേവനം ഉപയോഗിക്കുന്നത്.

2019-20 കാലയളവില്‍ തുടര്‍ച്ചയായി കാസര്‍കോട് ജില്ലാ കര്‍ഷക അവാര്‍ഡും ജൈവകൃഷിക്കുള്ള സംസ്ഥാന അവാര്‍ഡുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ സാബുവിനെ തേടിയെത്തിയിട്ടുണ്ട്. കൃഷിയോടുള്ള ആത്മാര്‍ഥതയും മണ്ണിനെക്കുറിച്ചുള്ള അറിവുമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍.

മൂന്ന് വര്‍ഷം മുമ്പുവരെ കപ്പ, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, മധുരക്കിഴങ്ങ് എന്നിവയ്‌ക്കൊപ്പം പാവല്‍, പടവലങ്ങ, നരമ്പന്‍, വെണ്ട, പയര്‍, തക്കാളി, പച്ചമുളക്, വഴുതന തുടങ്ങി ഇരുപത്തിരണ്ടോളം കാര്‍ഷിക വിളകളാണ് സാബു കൃഷിയിടത്തില്‍നിന്ന് വിളവെടുത്തിരുന്നത്. ഇപ്പോള്‍ നാടന്‍ മുള്ളന്‍കക്കിരി, മത്തന്‍,
വെള്ളരി, മുളക്, ചീര, വഴുതന തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
കൃഷിയിടത്തില്‍ വിളയുന്ന ഉല്‍പന്നങ്ങള്‍ കാഞ്ഞങ്ങാട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കടകളിലും നാലോളം കൃഷിഭവനുകളുടെ ഓണച്ചന്തകളിലും എത്തിക്കുന്നു. എന്നാല്‍ അധ്വാനത്തിനനുസരിച്ചുള്ള വില ലഭിക്കുന്നില്ലെന്നതാണ് സാബുവിന്റെ പ്രധാന പരാതി.

അന്യസംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയില്‍ എത്തുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുമായി മത്സരിച്ച് പിടിച്ചുനില്‍ക്കുക സാധാരണ കര്‍ഷകര്‍ക്ക് പ്രയാസമാണ്. ഉല്‍പാദനച്ചെലവും അധ്വാനവുംവര്‍ധിക്കുമ്പോഴും വിപണിയില്‍ ന്യായമായ വില ലഭിക്കാത്തത് ചെറുകിട കര്‍ഷകരെ കൃഷിയില്‍നിന്ന് പിന്നോട്ടടിപ്പിക്കുകയാണെന്ന് സാബു പറയുന്നു.

ഇതിന് പുറമേ കഴിഞ്ഞ രണ്ട് വര്‍ഷമായി കാട്ടുപന്നിയുടെ ശല്യവും കൃഷിക്ക് വലിയ തിരിച്ചടിയാണ്. അതിലും രൂക്ഷമാണ് കൂട്ടത്തോടെ എത്തുന്ന മയിലുകളുടെ ആക്രമണം. ചെടികള്‍ പൂവിടുകയും കായ്ക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മയിലുകള്‍ കൂട്ടമായെത്തി കൊത്തിത്തിന്നുന്നതോടെ വിളകള്‍ നശിക്കുന്നു. ഏറെ അധ്വാനിച്ച് വളര്‍ത്തിയ വിളകള്‍ വിളവെടുപ്പിന് തൊട്ടുമുമ്പ് നശിക്കുന്നത് കര്‍ഷകന് വലിയ നഷ്ടമാണ്.

കാര്‍ഷിക രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും യഥാര്‍ഥ കര്‍ഷകന് തന്റെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നുണ്ടോ എന്നതാണ് സാബുവിന്റെ ചോദ്യം. വിപണിയിലെ വിലത്തകര്‍ച്ചയും തൊഴിലാളിക്ഷാമവും വന്യമൃഗശല്യവും മറികടന്ന് കൃഷി തുടരുമ്പോഴും കര്‍ഷകന്റെ വിയര്‍പ്പിന് അര്‍ഹമായ വില ലഭിക്കാത്ത സാഹചര്യം മാറണമെന്നാണ് ഈ യുവ കര്‍ഷകന്റെ ആവശ്യം.

പരേതനായ കുണ്ടകശ്ശേരി ജോസഫ് (അപ്പച്ചന്‍)-റോസമ്മ ദമ്പതികളുടെ മകനാണ് സാബു. ഭാര്യ അമ്പിളി. മകള്‍ എയ്ഞ്ചല്‍ റോസ്.
പ്രതിസന്ധികള്‍ പലതുണ്ടെങ്കിലും മണ്ണിനെ ഉപേക്ഷിക്കാന്‍ സാബു തയ്യാറല്ല. മണ്ണിന്റെ മണവും ഗുണവും തിരിച്ചറിഞ്ഞ് അതില്‍നിന്ന് നാടിന്റെ ഭക്ഷണംവിളയിക്കുന്നതിലാണ് ഈ കര്‍ഷകന് ഇന്നും ഹരം. കൃഷി ഒരു തൊഴില്‍ മാത്രമല്ല, ജീവിതത്തിന്റെ ഭാഗമാണെന്ന്‌തെളിയിക്കുകയാണ് സാബു കാരാക്കോട്.

 

error: Content is protected !!