കാഞ്ഞങ്ങാട്ട് ഫ്‌ലൈ ഓവര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ഇടപെടും :എംഎല്‍എ

കാഞ്ഞങ്ങാട് : ഫ്‌ലൈ ഓവര്‍ നിര്‍മാണം നടത്തുന്നതുള്‍പ്പെടെ കാഞ്ഞങ്ങാട് നഗരത്തില്‍ സമഗ്ര വികസനം നടപ്പാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ. കാഞ്ഞങ്ങാട് പ്രസ് ഫോറം നല്‍കിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് മണ്ഡലത്തിലെ ടൂറിസം വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. റാണി പുരത്തും മഞ്ഞം പൊതി മുന്നിലും കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പാക്കി വരികയാണ്. കാഞ്ഞങ്ങാട്ട് പൈതൃക ഇട നാഴി വേഗത്തില്‍ പൂര്‍ത്തീകരിക്കും. ഇതിനായി ഒരു കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമവും മരുന്ന് ക്ഷാമവും രൂക്ഷമാണ്. ഒ പിയില്‍ മാത്രം ആറ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരു ഡോക്ടര്‍ മാത്രമേ ഉള്ളൂ. 57ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള ജില്ലാ ആശുപത്രിയില്‍ 27ഡോക്ടര്‍മാര്‍ മാത്രമേ ഉള്ളൂവെന്നും രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്‌മാന്‍ അധ്യക്ഷനായി. പ്രസ് ഫോറത്തിന്റെ ഉപഹാരം പ്രസിഡന്റ് എംഎല്‍എക്ക് നല്‍കി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു.

 

error: Content is protected !!