139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: പാറപ്പള്ളി സ്വദേശി കൂടി അറസ്റ്റില്‍; തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ചെറുവത്തൂര്‍: കാലിക്കടവില്‍ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 17 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാറപ്പള്ളി സ്വദേശി കെ. മുഹമ്മദ് സാബിറിനെ ഒടുവില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഈ മാസം ഒമ്പതിനാണ് കാലിക്കടവില്‍ ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും ചന്തേര പോലീസും ചേര്‍ന്ന് എംഡിഎംഎ പിടികൂടിയത്. പെരുമ്പാവൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പെരുമ്പാവൂര്‍ അറക്കപ്പൊടി സ്വദേശികളായ അബ്ദുല്‍സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈന്‍, പി.എ. അബ്ബാസ്, സൈനുല്‍ ആബിദീന്‍ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്.അറസ്റ്റിലായ പ്രതികള്‍ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്കുവേണ്ടി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അഡ്വ. സാജിദ് കമ്മാടം ഹാജരായിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

 

error: Content is protected !!