നഷ്ടപ്പെട്ട ബാഗ് തിരികെ നല്‍കി മാതൃകയായി ഓട്ടോ തൊഴിലാളി

പുല്ലൂര്‍: സത്യസന്ധതയ്ക്ക് മാതൃകയായി മാവുങ്കാല്‍ സ്റ്റാന്‍ഡിലെ ഗുഡ്‌സ് ഓട്ടോ തൊഴിലാളിയും ബിഎംഎസ് പ്രവര്‍ത്തകനുമായ അരീക്കര ദാമോദരന്‍. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കായി വീട്ടിലേക്ക് പോകുന്ന വഴി പുല്ലൂരില്‍ വെച്ചാണ് ദാമോദരന് ബാഗ് കളഞ്ഞുകിട്ടിയത്. ബാഗ് തുറന്നു നോക്കിയപ്പോള്‍ അതില്‍ പണവും വീടിന്റെ താക്കോലും പ്രധാന രേഖകളും ഉണ്ടായിരുന്നു. ഉടന്‍ തന്നെ താന്‍ പ്രവര്‍ത്തിക്കുന്ന ഓംകാര്‍ കലാകായിക സമിതിയുടെ സെക്രട്ടറിയും ബിഎംഎസ് തൊഴിലാളിയുമായ മുരളിയെ വിവരം അറിയിച്ചു. പിന്നീട് എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ബാഗ് നഷ്ടപ്പെട്ട വിവരം പ്രചരിപ്പിച്ചു. കരിവെള്ളൂര്‍ താമസിക്കുന്ന ബാലമണിക്ക്
വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ബാഗ് നഷ്ടപ്പെട്ട വിവരം പോലും അറിയാതെ യാത്രയിലായിരുന്ന ഉടമസ്ഥയുടെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ഉടന്‍ എത്തിയ ബാലമണിക്ക് ബാഗ് തിരികെ നല്‍കി. പുല്ലൂരിലെ തറവാട്ട് വീട്ടില്‍ വന്നു തിരിച്ച് പോകുമ്പോഴാണ് ബാലമണിക്ക് തന്റെ ബാഗ് നഷ്ടമായത്. തെരുവില്‍ കിട്ടുന്ന സാധനം തിരികെ ഏല്‍പ്പിക്കുന്നത് വലിയ കാര്യമാണ്. ദാമോദരന്റെ ഈ പ്രവര്‍ത്തിയെ ബാലമണിയും നാട്ടുകാരും അഭിനന്ദിച്ചു.

 

error: Content is protected !!