കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം ‘ഫസ്റ്റ് ചാപ്റ്റര്‍’ സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികളുടെ ഭാവിയില്‍ അനന്തമായ സാധ്യതകള്‍ നല്കുന്ന, ഒരു പഠന രീതിയാണ് നാലു വര്‍ഷ ബിരുദ കോഴ്സെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി. വി. റീജ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ കെ രാമനാഥന് മുഖ്യപ്രഭാഷണം നടത്തി.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഫോര്‍ ഇയര്‍ അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാം (എഫ് വൈ യുജിപി ) സംബന്ധിച്ച സമഗ്രമായ അവബോധം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. എഫ്.വൈ.യു.ജി.പി.യുടെ സവിശേഷതകള്‍, നാല് വര്‍ഷ ബിരുദ പഠനക്രമം, മേജര്‍-മൈനര്‍ കോഴ്സുകള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി-എക്സിറ്റ് സംവിധാനം, നൈപുണ്യ വികസനം, ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിശദമായ അവബോധം നല്കി. എന്‍.എസ്.എസ്., എന്‍.സി.സി., റെഡ് ക്രോസ്, ലൈബ്രറി, സ്കോളര്‍ഷിപ്പ് പദ്ധതികള്‍, കൗണ്‍സിലിംഗ് സംവിധാനം, ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി, ആന്റി-റാഗിംഗ് സെല്‍, ആന്റി-ഡ്രഗ് സെല്‍ എന്നിവ ഉള്‍പ്പെടെയുള്ള കോളേജിലെ വിവിധ വിദ്യാര്‍ത്ഥി പിന്തുണാ സംവിധാനങ്ങളും പരിചയപ്പെടുത്തി.
പിടിഎ വൈസ് പ്രസിഡന്റ് എന്‍.കെ സീമ, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ എ.വി മിഥുന്,കോളേജ് സ്റ്റുഡന്റ്സ് യൂണിയന് ജനറല്‍ സെക്രട്ടറി പി.യു മിഥുന് എന്നിവര്‍ സംസാരിച്ചു.എഫ്. വൈ. യു. ജി. പി കോര്‍ഡിനേറ്റര്‍ എ.സബിത സ്വാഗതവും . കോളേജ് സുപ്രണ്ട് വി. വിനോദ് കുമാര്‍ നന്ദി പറഞ്ഞു.
നാല് വര്‍ഷ ബിരുദ കോഴ്സ്: മാര്‍ഗദീപമായി ‘ഫസ്റ്റ് ചാപ്റ്റര്‍’ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നടന്നു
