നീലേശ്വരം: നഗരത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ പ്രധാന പദ്ധതികളുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധവുമായി നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി. സാങ്കേതിക തടസ്സങ്ങളും അനാസ്ഥയും ചൂണ്ടിക്കാട്ടി പദ്ധതികള്‍ വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 40 കോടി രൂപ വകയിരുത്തി ആരംഭിച്ച രാജാ റോഡ് വികസനവും കച്ചേരിക്കടവ് പാലം നിര്‍മാണവുമാണ് മാസങ്ങളായി സ്തംഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കിയിട്ടും കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മാണം തുടങ്ങി ആറ് മാസത്തിലേറെയായി പ്രവൃത്തി പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പണി പൂര്‍ത്തിയാകാന്‍ ഇനിയും ഒരു വര്‍ഷത്തോളം വേണ്ടിവരുമെന്നാണ് നിര്‍വഹണ ഏജന്‍സിയായ കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരുടെ വിശദീകരണം.
പുതിയ ഉത്തരവുകളുടെ പേരില്‍ നിര്‍മാണം തടസ്സപ്പെട്ട നീലേശ്വരം ഇടത്തോട് റോഡ്, കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായി നിര്‍മിക്കേണ്ട 40 കോടി രൂപയുടെ ഓര്‍ക്കുളം-തൈക്കടപ്പുറം പാലം എന്നിവയുടെ പ്രവൃത്തികളും നിശ്ചലമാണ്. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ അഞ്ച് കോടി രൂപയുടെ നീലേശ്വരം സിവില്‍ സ്റ്റേഷന്‍, അഞ്ച് കോടി രൂപയുടെ ടൗണ്‍ ഹാള്‍ എന്നിവയുടെ നിര്‍മാണവും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
നഗരത്തിന്റെ വികസനത്തിന് തിരിച്ചടിയാകുന്ന ഈ മന്ദഗതി ഒഴിവാക്കാന്‍ സര്‍ക്കാരും കിഫ്ബിയും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
