നീലേശ്വരം: സര്‍വ്വീസ് റോഡിന്റെയും ഓവുചാലിന്റെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് ജില്ലാ കലക്ടറുടെയും ആര്‍.ഡി.ഒയുടെയും സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി റോഡ് ഉപരോധിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെ നടന്ന ഉപരോധം പിന്നീട് പോലീസിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. തുടര്‍ന്ന് ആര്‍.ഡി.ഒയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന്, അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം സ്ഥലം സന്ദര്‍ശിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ സന്ദര്‍ശനത്തിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് സമരസമിതി അറിയിച്ചു.മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കടുത്ത അനാസ്ഥയും നിരുത്തരവാദപരമായ സമീപനവും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ജനകീയ സമരസമിതി വ്യക്തമാക്കി. കാസര്‍കോട് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ ജൂണ്‍ 22 വരെ കമ്പനിക്ക് സമയം നല്‍കിയിരുന്നു. എന്നാല്‍ പണികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ സുധീപ് പി.യുടെ നേതൃത്വത്തില്‍ ജൂണ്‍ 24ന് വീണ്ടും ചര്‍ച്ച നടത്തുകയും സമയം ജൂലൈ 5 വരെ നീട്ടി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് ജൂലൈ 6 ആയിട്ടും പണികള്‍ പൂര്‍ത്തിയാക്കുകയോ വേണ്ടരീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയോ ചെയ്തിട്ടില്ല. തികച്ചും അശാസ്ത്രീയവും ധിക്കാരപരവും ജനങ്ങളെ കബളിപ്പിക്കുന്നതുമായ രീതിയിലാണ് മേഘ കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കുകള്‍ക്ക് പോലും പുല്ലുവില കല്‍പ്പിക്കുന്ന ഈ കമ്പനിയില്‍ നിന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്നും സമരസമിതി ചോദിക്കുന്നു. ഇതുപോലെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഒരു കാരണവശാലും താത്കാലികമായി ഒരു മാസത്തേക്ക് തുറന്ന് കൊടുത്ത മുകളിലൂടെയുള്ള മണ്ണിട്ട് ഉയര്‍ത്തിയ വഴി തടയും ജനകീയ സമര സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ജനങ്ങളെ ദുരിതത്തിലാക്കുന്ന കമ്പനിയുടെ ഈ നടപടി ഒരിക്കലും അനുവദിച്ചു തരില്ല. ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനം തിരുത്താന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജനകീയ സമരസമിതി മുന്നറിയിപ്പ് നല്‍കി.
