കാസര്‍കോട് ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിലേക്ക് നിര്‍ണായക ചുവടുവെപ്പ്:  നുള്ളിപ്പാടിയില്‍ പുതിയ എന്‍ട്രി പോയിന്റിന് ജില്ലാ കളക്ടറുടെ നിര്‍ദേശം; സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

കാസര്‍കോട്: ദേശീയപാത 66-ല്‍ കാസര്‍കോട് ചൗക്കിക്കും വിദ്യാനഗറിനുമിടയില്‍ നുള്ളിപ്പാടിയില്‍ പുതിയ എന്‍ട്രി പോയിന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് വേഗം കൂട്ടി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. കാസര്‍കോട് നഗരത്തിലും വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായാണ് കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിമിന്റെ നേതൃത്വത്തില്‍ നഗരസഭയുടെ ആവശ്യവും വിവിധ സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങളും പരിഗണിച്ചാണ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടത്.
കാസര്‍കോട് എം.എല്‍.എ. കല്ലട്ര മാഹിന്‍ അവലോകന യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.
ആര്‍.ടി.ഒ, പോലീസ്, പൊതുമരാമത്ത് വകുപ്പ്, നഗരസഭ, ദേശീയപാത നിര്‍മാണ ഏജന്‍സി എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ച് വിശദമായ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നുള്ളിപ്പാടിയില്‍ ദേശീയപാതയുടെ ഇരുവശങ്ങളിലും നിലവിലുള്ള സര്‍വീസ് റോഡിനെ പ്രധാന പാതയുടെ ലെവലിലേക്ക് ഉയര്‍ത്തി എന്‍ട്രി പോയിന്റ് അനുവദിക്കുന്നത് പ്രായോഗികവും ഗതാഗത നിയന്ത്രണത്തിന് ഫലപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കളക്ടര്‍ സ്ഥലത്തെത്തി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് അന്തിമ വിലയിരുത്തല്‍ നടത്തിയത്. ചൗക്കി അണ്ടര്‍പാസിന് ശേഷമുള്ള എന്‍ട്രി പോയിന്റിനും വിദ്യാനഗറിനുമിടയില്‍ ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ മറ്റൊരു പ്രവേശന സൗകര്യം ഇല്ലാത്തതിനാല്‍ സര്‍വീസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ മുഴുവന്‍ കാസര്‍കോട് ടൗണ്‍ വഴിയാണ് കടന്നുപോകുന്നത്. ഇതാണ് ബസ് സ്റ്റാന്‍ഡ് മുതല്‍ കളക്ടറേറ്റ് വരെയുള്ള ഭാഗങ്ങളില്‍ ദിവസേന അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി.
സ്ഥലം സന്ദര്‍ശനത്തിനിടെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഹനീഫ്, കൗണ്‍സിലര്‍മാരായ റഹ്‌മാന്‍ തൊട്ടാന്‍, സമീന മുജീബ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ലിപു എസ്. ലോറന്‍സ്, എല്‍എ എന്‍.എച്ച്. ഡെപ്യൂട്ടി കളക്ടര്‍ ശശികുമാര്‍, കാസര്‍കോട് തഹസില്‍ദാര്‍ ഷമില്‍ ബാബു, ദേശീയപാത അതോറിറ്റിയുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയര്‍ ശങ്കര്‍ ഗണേഷ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, പൊതുമരാമത്ത് വകുപ്പ്, ഊരാളുങ്കല്‍ സൊസൈറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിന്റെ ശുപാര്‍ശയും പരിഗണിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ പ്രൊജക്ട് ഡയറക്ടര്‍ കേരള റീജ്യണല്‍ ഓഫീസര്‍ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് എന്‍ട്രി പോയിന്റ് അനുവദിക്കുന്നതിനായി നിലവിലുള്ള പാര്‍ശ്വഭിത്തിയും ഡ്രെയിനേജ് സംവിധാനങ്ങളും പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുതിയ എന്‍ട്രി പോയിന്റ് യാഥാര്‍ത്ഥ്യമായാല്‍ കാസര്‍കോട് ടൗണിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുന്നതിനൊപ്പം വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍, കളക്ടറേറ്റ്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും കൂടുതല്‍ സുഗമമാകും

 

error: Content is protected !!