കാഞ്ഞങ്ങാട്: വര്‍ഗ്ഗീയതയും കാവിവല്‍ക്കരണവും ഉള്‍ച്ചേര്‍ന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള
പോം വഴിയായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (എ കെ എസ് ടി യു ) കാസര്‍കോട് ജില്ലാ പഠന ക്യാമ്പ് ആവശ്യപ്പെട്ടു. കേരളത്തിന്റെ മതനിരപേക്ഷതയും ഐക്യവും തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിതെന്ന് ക്യാമ്പ് വിലയിരുത്തി.
പുതുക്കിയ ബഡ്ജറ്റ് നിരാശാജനകവും സര്‍ക്കാര്‍ ജീവനക്കാരേയും അധ്യാപകരേയും അവഗണിക്കുന്നതുമാണെന്ന് ക്യാമ്പ് അഭിപ്രായപ്പെട്ടു. 2024 ജൂലൈ ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കേണ്ടതാണ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ വളരെ വൈകിയാണെങ്കിലും ശമ്പളകമ്മീഷനെ നിശ്ചയിക്കുകയും മൂന്ന് മാസത്തെ സമയപരിധിയില്‍ റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ കമ്മീഷന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിക്കാതെ കമ്മീഷനെ മരവിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പുതുക്കിയ ബഡ്ജറ്റില്‍ ശമ്പളപരിഷ്ക്കരണത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ശമ്പളവര്‍ദ്ധനവിന് വേണ്ട വകയിരുത്തല്‍ ബഡ്ജറ്റിലില്ലായെന്ന് മാത്രമല്ല, കഴിഞ്ഞ സര്‍ക്കാര്‍ പെന്‍ഷനും ശമ്പളത്തിനുമായി ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നതിനേക്കാള്‍ 8000 കോടിയോളം രൂപയുടെ കുറവ് പുതുക്കിയ ബഡ്ജറ്റിലുണ്ട്. ക്ഷാമബത്തയും ക്ഷാമാശ്വാസവും കുടിശികയാക്കില്ലെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും, നിലവിലെ നിരക്കില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള വകയിരുത്തല്‍ ബഡ്ജറ്റിലില്ല.
മുന്‍ സര്‍ക്കാര്‍ കുടിശികയാക്കിയ ക്ഷാമബത്ത 21,670 കോടി രൂപ ബാദ്ധ്യതയാണെന്ന് ബഡ്ജറ്റില്‍ ചൂണ്ടിക്കാണിക്കുമ്പോഴും ഈ കുടിശിക തീര്‍ക്കുന്നതിനെക്കുറിച്ച് മിണ്ടാട്ടമില്ല. 2026-27 വര്‍ഷത്തെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ പൊതുവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുന്നതും സേവന മേഖലകളുടെ സ്വകാര്യവത്കരണം ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ക്യാമ്പില്‍ അഭിപ്രായമുയര്‍ന്നു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡണ്ട് രാജേഷ് ഓള്നടിയന് അധ്യക്ഷത വഹിച്ചു. സര്‍വ്വീസ് വിദഗ്ധന്‍ പി സതീശന് ,
എ കെ എസ് ടി യു നേതാക്കളായ വി രാധാകൃഷ്ണന്, വിനയന് കല്ലത്ത്, സുനില്‍കുമാര്‍ കരിച്ചേരി, ടി എ അജയകുമാര്‍,
എ സജയന്, എം ടി രാജീവന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
