ആലപ്പുഴയില്‍ മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മടിക്കൈ സ്വദേശി അറസ്റ്റില്‍

മടിക്കൈ: ആലപ്പുഴ നഗരമധ്യത്തിലെ വീട്ടില്‍ വാടകയ്‌ക്കെടുക്കാനെന്ന വ്യാജേന എത്തി പ്രായമായ ദമ്പതികളുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മടിക്കൈ സ്വദേശി അറസ്റ്റില്‍. മടിക്കൈ ഏച്ചിക്കാനം ചാമക്കുറ്റി വീട്ടില്‍ രാജ്‌മോഹന്‍ (42) ആണ് അറസ്റ്റില്‍ ആയത്.
എറണാകുളത്ത് ഫ്‌ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ഇയാള്‍ രണ്ടാഴ്ച മുന്‍പാണ് ജയില്‍ മോചിതനായതെന്ന് സൗത്ത് ആലപ്പുഴ പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ആലപ്പുഴ വാടയ്ക്കലില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

കയര്‍ഫെഡ് മുന്‍ പര്‍ച്ചേസ് മാനേജര്‍ കെ.ആര്‍.സുദര്‍ശന്‍ (75), ഭാര്യ രത്‌നകുമാരി (65) എന്നിവരാണ് ആക്രമണത്തിനിരയായത്. വീടിന്റെ മുകള്‍നില വാടകയ്ക്ക് നല്‍കുന്ന പരസ്യം കണ്ടാണ് പ്രതി ഇവരെ ബന്ധപ്പെട്ടത്. വാടകക്കരാര്‍ തയ്യാറാക്കാമെന്ന് പറഞ്ഞ് തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ രാജ്‌മോഹന്‍ സംസാരത്തിനിടെ സുദര്‍ശന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയും നിലവിളി കേട്ട് എത്തിയ രത്‌നകുമാരിയെയും ആക്രമിക്കുകയും ചെയ്തു.

ഇരുവരെയും ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന പണവും 12 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് രക്ഷപ്പെട്ടു. ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കളര്‍കോട് വരെ നടന്നുപോയ ഇയാള്‍ ഓട്ടോയില്‍ നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിലെത്തി മൂന്നരപ്പവന്‍ സ്വര്‍ണമാല പണയപ്പെടുത്തി രണ്ടര ലക്ഷം രൂപ കൈപ്പറ്റി. അതില്‍ നിന്ന് വീടിന്റെ വാടക കുടിശികയായ 50,000 രൂപ അടച്ചശേഷം വൈകിട്ടോടെ വാടക വീട്ടിലെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാക്കി സ്വര്‍ണാഭരണങ്ങളും 5000 രൂപയും പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

 

error: Content is protected !!