കേരളമാകെ കണ്ടല്‍വനം ഒരുക്കാന്‍ 50000 കണ്ടല്‍ ചെടികളുടെ നേഴ്‌സറിയുണ്ടാക്കി ദിവാകരന്‍ കടിഞ്ഞിമൂല

നീലേശ്വരം: കേരളത്തിലെ കടല്‍ത്തീരങ്ങളിലും കായല്‍, നദീതീരങ്ങളിലും കണ്ടല്‍ ചെടികള്‍ നടുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരിക്കുകയാണ് പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.വി ദിവാകരന്‍ കടിഞ്ഞിമൂല. സംസ്ഥാനത്തെ കണ്ടല്‍ വന വിസ്തൃതി വലിയ തോതില്‍ കുറഞ്ഞുവരുമ്പോള്‍ ആണ് ചതുപ്പുനിലങ്ങളിലും അഴിമുഖങ്ങളിലും തീരപ്രദേശങ്ങളിലും കണ്ടല്‍ വനമുണ്ടാക്കാനുള്ള ശ്രമകരമായ ദൗത്യവുമായി ഇദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നത്. അതിനുള്ള തുടക്കമെന്ന നിലയില്‍ ഈ വര്‍ഷം 50000 കണ്ടല്‍ ചെടികള്‍ ദിവാകരന്‍ കടിഞ്ഞിമൂല സ്വന്തം നേഴ്‌സറിയില്‍ നട്ടുവളര്‍ത്തുകയാണ്. മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളില്‍ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു കണ്ടല്‍ ചെടികള്‍ ഇദ്ദേഹം എത്തിച്ചു കൊടുക്കും. വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍, ആരാധനാലയങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ചെടികള്‍ അന്വേഷിച്ചു ദിവാകരനെ തേടിയെത്തുന്നുണ്ട്.അവര്‍ക്കെല്ലാം സ്വന്തം നേഴ്‌സറിയില്‍ തയ്യാറാക്കിയ ആറു മാസം പ്രായമുള്ള കണ്ടല്‍ നല്‍കും. താഴ്ന്ന പ്രദേശങ്ങളില്‍ നടുന്നതിന് ഒന്നര മീറ്റര്‍ ഉയരമുള്ളതും മൂന്ന് വര്‍ഷം വരെ പ്രായമുള്ളതുമായ കണ്ടല്‍ തൈകള്‍ ആണ് നല്‍കുക. ജീവനം എന്ന പേരില്‍ സ്വന്തമായി പദ്ധതിയുണ്ടാക്കി ഇതിനകം മൂന്ന് ലക്ഷത്തോളം വൃക്ഷതൈകള്‍ സൗജന്യമായി ഇദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്. പതിനഞ്ചോളം പുരസ്‌കാരങ്ങളും നേടി. 50000 കണ്ടല്‍ നേഴ്‌സറിയുടെ വിത്തിടല്‍ ചടങ്ങ് സ്വന്തം തോട്ടത്തില്‍ നടന്നു. ബി. ജെ. പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. തുരുത്തി കഴകം പ്രസിഡന്റ് കെ. വി അമ്പാടി, മുന്‍ നഗരസഭാ കൗണ്‍സിലര്‍ പി. വി വിനയരാജ്, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ഉദിനൂര്‍ സുകുമാരന്‍, കെ. ടി കുഞ്ഞികൃഷ്ണന്‍, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ സുനില്‍, മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, സേവാഭാരതി ജില്ലാ സെക്രട്ടറി സംഗീത വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. തൈക്കടപ്പുറം നെയ്തല്‍ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സ്വാഗതവും ദിവാകരന്‍ കടിഞ്ഞിമൂല നന്ദിയും പറഞ്ഞു.

 

error: Content is protected !!