കരിന്തളം : അടിക്കടി പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ചു കൊണ്ട് വീട്ടമ്മമാരുടെ നടുവൊടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ കരിന്തളം ഈസ്റ്റ് വില്ലേജ് വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിച്ചാമരത്ത് ഗ്യാസ് സിലിണ്ടറിനെ നോക്കുകുത്തിയാക്കി കൊണ്ട് സംഘടിപ്പിച്ച അടുപ്പുകൂട്ടി പ്രതിഷേധ കൂട്ടായ്മ കേന്ദ്രസര്‍ക്കാറിനുള്ള വീട്ടമ്മമാരുടെ മുന്നറിയിപ്പായി മാറി.പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ദ്ധനവിനെ തുടര്‍ന്ന് കുടുംബ ബജറ്റ് തന്നെ താളം തെറ്റുന്ന സാഹചര്യത്തിലാണ് കെ എസ് കെ ടി യു വനിത സബ് കമ്മറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത് .ഗ്യാസ് സിലിണ്ടര്‍ എടുത്തു കൊണ്ട് വനിതകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് അടുപ്പ് കൂട്ടി സമരം നടന്നത്.നിരവധി വീട്ടമ്മമാര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കാളികളായി. വനിതാ സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഷൈലജ സുരേഷിന്റെ അധ്യക്ഷതയില്‍ കെഎസ്‌കെടിയു ഏരിയ കമ്മിറ്റി അംഗം ഉഷാ രാജു പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പാറക്കോല്‍ രാജന്‍ ,എം ചന്ദ്രന്‍ ,ലെനിന്‍ പ്രസാദ്, പി പി രാജേഷ് എന്നിവര്‍ സംസാരിച്ചു.വനിത സബ് കമ്മിറ്റി വില്ലേജ് കണ്‍വീനര്‍ ഷിനി വാസു സ്വാഗതം പറഞ്ഞു
