കാഞ്ഞങ്ങാട്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ നടന്നു വരുന്ന പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ പുകയില വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. ‘പുകയില രഹിത വിദ്യാലയം’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടന്ന പ്രത്യേക അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാനഗര്‍ നായന്മാര്‍മൂല തന്ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നിര്‍വഹിച്ചു. ലഹരി ഉപയോഗത്തിനും പുകയിലയ്ക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു നിന്ന് പോരാടി മിടുക്കരായി വളരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പൊതുവിദ്യാഭ്യാസ വകുപ്പ് കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജന്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെങ്കള ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരി ടീച്ചര്‍, നായന്മാര്‍മൂല വാര്‍ഡ് മെമ്പര്‍ ഷിഹാബുദ്ദീന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന്‍, ചെങ്കള കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. വി. ഗോപിനാഥ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആരോഗ്യവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പുകയില വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങള്‍ പൂര്‍ണമായും പുകയില രഹിതമാക്കും. സ്‌കൂളുകളുടെ മുഖ്യ കവാടത്തില്‍ പുകയില രഹിത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതോടൊപ്പം, വിദ്യാലയ പരിസരത്ത് 100 വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധനം കര്‍ശനമായി നടപ്പിലാക്കും. കൂടാതെ, എന്‍.എസ്.എസ് യൂണിറ്റുകളുടെ സഹായത്തോടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കോളേജുകളിലും വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ബി. സന്തോഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി. പി. ഹസീബ് നന്ദിയും പറഞ്ഞു.
