ബേഡകം: ഹോട്ടലില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ബേഡകം പോലീസ്. മരുതടുക്കം സ്വദേശിയും കുണ്ടംകുഴിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ടി.കെ. ഹുസൈന് (40) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് കുണ്ടംകുഴിയിലെ തനിമ ഹോട്ടലില്‍ മോഷണം നടന്നത്. ഹോട്ടലിന്റെ പിന്‍വശം വഴി അകത്ത് കടന്ന പ്രതി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 6,500 രൂപ കൈക്കലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ഹോട്ടലിന്റെ പാര്‍ട്ണറായ മുഹമ്മദ് ഹാരിസ് ബേഡകം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവ സ്ഥലത്തെ പരിശോധനയ്ക്കിടെ ഹോട്ടലിന്റെ അകത്തളങ്ങളും പ്രവര്‍ത്തന രീതികളും നന്നായി പരിചയമുള്ള ഒരാളാകാം മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിലെ മുന്‍ ജീവനക്കാരനായ ടി.കെ. ഹുസൈന് പ്രതിയെന്ന് കണ്ടെത്തിയത്. പിന്നാലെ നടത്തിയ നീക്കത്തില്‍ മണിക്കൂറുകള്‍ക്കകം ഇയാളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
