ഉത്സവാന്തരീക്ഷത്തില്‍ മേലാങ്കോട്ട് സ്‌കൂളിന്റെ പ്രവേശനോത്സവം നടന്നു; 2 മുതല്‍ 6 വരെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും കയ്യെഴുത്തു മാസികയുമായാണ് ആദ്യ ദിനം സ്‌കൂളിലെത്തിയത്

കാഞ്ഞങ്ങാട്: സന്തോഷവും ആവേശവും പങ്കുവെച്ച് കാര്‍ബണ്‍ നെഗറ്റീവ് എന്ന പ്രത്യേകതയുമായി സംസ്ഥാനത്തു തന്നെ അറിയപ്പെടുന്ന മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ:യു .പി സ്‌കൂളിലെ പ്രവേശനോത്സവം നടന്നു. ഈ അദ്ധ്യയന വര്‍ഷം പ്രീപ്രൈമറി മുതല്‍ ഏഴാം തരം വരെയായി 95 കുട്ടികളാണ് സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയത്. അവധിക്കാലം കുട്ടികളിലെ സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ വിഷയങ്ങളിലായി കുട്ടികള്‍ക്കായി നടത്തിയ മാഗസിന്‍ നിര്‍മ്മാണ പതിപ്പുമായാണ് ഒന്നു മുതല്‍ ആറ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ ആദ്യ ദിവസം സ്‌കൂളിലെത്തിയത്. നവാഗതരെ സ്വീകരിച്ചു കൊണ്ടുള്ള പ്രവേശന റാലിയോടെ നടന്ന പ്രവേശനോത്സവം കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ പി വി വിദ്യാലത ഉദ്ഘാടനം ചെയ്തു. പി ടി എ
പ്രസിഡണ്ട് അഡ്വ.പി.എന്‍ വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബാലബോധിനി വായനശാല അതിയാമ്പൂര്‍,
റെഡ്സ്റ്റാര്‍ നെല്ലിക്കാട്ട്, ഫ്രണ്ട്‌സ് കാലിക്കടവ് , പാര്‍കോ അതിയാമ്പൂര്‍, അരയാല്‍ ബ്രദേഴ്‌സ് മേലാങ്കോട്ട്, അതിയാമ്പൂര്‍ കുടുംബശ്രീ എഡിഎസ്
എന്നിവര്‍ നല്‍കിയ പഠനോപകരണങ്ങള്‍ സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ അഡ്വ. പി അപ്പുക്കുട്ടന്‍ വിതരണോദ്ഘാടനം ചെയ്തു.പത്മരാജന്‍ എരവില്‍ കുട്ടികളുമായി സംവദിച്ചു.
എസ് എം സി ചെയര്‍മാന്‍ പ്രദീപന്‍ കെ.വി, മദര്‍ പിടിഎ പ്രസിഡണ്ട് കെ ടി സീമ
മുന്‍ പ്രധാനാധ്യാപകരായ കെ.വി. നാരായണന്‍, വി. ഗോപി ,
പിടിഎ വൈസ് പ്രസിഡണ്ട് ജി.ജയന്‍ ,
പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് കെ പ്രസേനന്‍ എന്നിവര്‍ സംസാരിച്ചു. പ്രവേശനോത്സവ റാലി, കയ്യെഴുത്തു മാസികയുടെ പ്രകാശനം , സ്വാഗത നൃത്തശില്പം ,മധുര പലഹാര വിതരണം എന്നിവയും നടന്നു.
ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീകല പി നന്ദിയും പറഞ്ഞു.

 

error: Content is protected !!