ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം: പൂത്താലി ചിറ്റ് കൈമാറല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട് : ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവാഘോഷങ്ങളുടെ ഭാഗമായി, അതിയാല്‍ തെരു ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വരുന്ന അപൂര്‍വ ആചാരചടങ്ങുകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്രാചാരങ്ങളിലും പാരമ്പര്യചിട്ടകളിലും പ്രത്യേക സ്ഥാനമുള്ള ചടങ്ങായ ‘പൂത്താലി ചിറ്റ് (കച്ച്) സമര്‍പ്പണം’ ഈ ഉത്സവത്തിന്റെ പ്രധാന ആചാരഘടകങ്ങളിലൊന്നാണ്. അതിയാല്‍ തെരു ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തിലെ ആചാര സ്ഥാനികനായ മടയന്‍, അള്ളട സ്വരൂപത്തില്‍ പടനയിച്ച ക്ഷേത്രപാലകനീശ്വരന് അരക്കെട്ടായി അണിയിക്കുന്നതിനുള്ള പൂത്താലി ചിറ്റ് സമര്‍പ്പിക്കുന്ന ചടങ്ങാണ് ഭക്തിപൂര്‍വ്വം നിര്‍വഹിക്കുന്നത്. പുരാതനകാലം മുതല്‍ വസ്ത്രങ്ങള്‍ നെയ്ത് സമര്‍പ്പിക്കാനുള്ള അവകാശവും ചുമതലയും വഹിക്കുന്ന അതിയാല്‍ തെരുവത്ത് സമുദായത്തിന്റെ ആചാരപാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ഈ ചടങ്ങ്, ദേശത്തിന്റെ ആത്മീയസാംസ്‌കാരിക പൈതൃകത്തിന്റെ അടയാളമായി കരുതപ്പെടുന്നു. ദേവതയ്ക്ക് അര്‍പ്പിക്കുന്ന ഈ പൂത്താലി ചിറ്റ്, കോലം ധരിക്കുന്ന മടിയന്‍ ചിങ്കത്തിന് ക്ഷേത്ര തിരുനടയില്‍ വെച്ച് ആചാരവിധിപ്രകാരം കൈമാറുന്നു. അതിയാല്‍ തെരുവത്ത് ഭാരവാഹികള്‍ ഭക്തജനങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

error: Content is protected !!