വെളളരിക്കുണ്ട് : ഒരു നാടിന്റെ പ്രാര്‍ത്ഥനകള്‍ വിഫലമായി. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ്
നാലര വയസുകാരി മരണത്തിന് കീഴടങ്ങി. വെള്ളരിക്കുണ്ട് താലൂക്കിലെ നര്‍ക്കിലക്കാട്, എളേരിത്തട്ട്, തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടില്‍ ശരത് ചന്ദ്രന്‍ അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്ര (നാലര)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് വീടിന് സമീപം കളിക്കുന്നതിനിടെ തെറിച്ചു പോയ പന്ത് എടുക്കാന്‍ പറമ്പിലേക്ക് പോയപ്പോഴാണ് ഋതു ചന്ദ്രയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പയ്യന്നൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. അപ്പോഴേക്കും കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ചികിത്സ തുടരുന്നതിനിടയിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി ഋതു ചന്ദ്ര യാത്രയായത്.
