നീലേശ്വരം പഴയ പാലം പൊളിച്ചുമാറ്റി ആധുനിക നിലവാരത്തിലുള്ള പുതിയ പാലം നിര്‍മ്മിക്കാന്‍ ദേശീയപാതാ അതോറിറ്റി തീരുമാനം

നീലേശ്വരം: പതിറ്റാണ്ടുകളായി നീലേശ്വരം നിവാസികള്‍ അനുഭവിച്ചുപോന്ന യാത്രാദുരിതത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ ശുഭകരമായ അന്ത്യം. ദേശീയപാതയിലെ അപകടക്കെണിയായി മാറിയ നീലേശ്വരം പഴയ പാലം പൊളിച്ചുമാറ്റി ആധുനിക നിലവാരത്തിലുള്ള പുതിയ പാലം നിര്‍മ്മിക്കാന്‍ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചു. ജനകീയ സമരസമിതിയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്കും നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ സുപ്രധാന ഉത്തരവ് പുറത്തുവരുന്നത്. ബുധനാഴ്ച നടന്ന ഉന്നതതല ചര്‍ച്ചയിലാണ് നീലേശ്വരത്തെ ഗതാഗതക്കുരുക്കിനും സുരക്ഷാ ഭീഷണിക്കും ശാശ്വത പരിഹാരമാകുന്ന ഈ തീരുമാനമുണ്ടായത്.
നീലേശ്വരം സ്വദേശിയും കേന്ദ്ര പെട്രോളിയം മന്ത്രാലയം ഡയറക്ടര്‍ ജനറലുമായ പി. മനോജ് കുമാര്‍ നടത്തിയ സജീവമായ ഇടപെടലുകളാണ് നടപടികള്‍ക്ക് വേഗത കൂട്ടിയത്. പാലത്തിന്റെ ബലക്ഷയവും ജനങ്ങളുടെ ജീവനുള്ള ഭീഷണിയും കൃത്യമായ രേഖകള്‍ സഹിതം അദ്ദേഹം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച ദേശീയപാതാ അതോറിറ്റി, പഴയ പാലം നിലനിര്‍ത്താനുള്ള മുന്‍ തീരുമാനം റദ്ദാക്കി പുതിയത് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. പാലം പൊളിച്ചുമാറ്റാനുള്ള ഔദ്യോഗിക വിവരം അധികൃതര്‍ മനോജ് കുമാറിനെ നേരിട്ട് അറിയിച്ചു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പഴയ പാലം നിലനിര്‍ത്താന്‍ നീക്കമുണ്ടായപ്പോള്‍ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയര്‍ന്നത്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ പ്രതിഷേധങ്ങള്‍ക്കും സാങ്കേതികമായ വാദങ്ങള്‍ക്കും ഒടുവില്‍ ഫലം കണ്ടിരിക്കുകയാണ്. അപകടാവസ്ഥയിലുള്ള പഴയ പാലം പൂര്‍ണ്ണമായും പൊളിച്ചുമാറ്റി പുതിയ ആറുവരി പാതയ്ക്ക് അനുയോജ്യമായ രീതിയില്‍ പാലം പണിയാനാണ് നിലവിലെ തീരുമാനം. പുതിയ പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതും അനുബന്ധ സാങ്കേതിക പരിശോധനകളും വൈകാതെ പൂര്‍ത്തിയാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ഏകോപനം തുടര്‍ന്നും നടത്തുമെന്ന് പി. മനോജ് കുമാര്‍ സമരസമിതിക്ക് ഉറപ്പുനല്‍കി. മരണക്കെണിയായി മാറിയ പഴയ പാലത്തിന് പകരമായി പുതിയ പാത വരുന്നതോടെ മലബാറിലെ പ്രധാന ഗതാഗത തടസ്സങ്ങളിലൊന്നാണ് നീങ്ങുന്നത്. സമരസമിതിയുടെ ഇച്ഛാശക്തിയും ഉദ്യോഗസ്ഥതലത്തിലെ കൃത്യമായ ഇടപെടലും ഒത്തുചേര്‍ന്നപ്പോള്‍ നീലേശ്വരത്തിന് ഇത് അഭിമാന നിമിഷമായി മാറി. വരും ദിവസങ്ങളില്‍ തന്നെ പാലം നിര്‍മ്മാണത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. ഇതോടെ മേഖലയിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

 

error: Content is protected !!