എല്‍ഡിഎഫ് മണ്ഡലത്തില്‍ വിഷയമാക്കുന്നത് വികസനം തന്നെ :ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

കാഞ്ഞങ്ങാട് :എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത് വികസനം തന്നെയാണെന്ന് സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍.കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ കഴിഞ്ഞ 10വര്‍ഷക്കാലം എല്‍ ഡി എഫ് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തുടരും. 10വര്‍ഷത്തിനിടെ കിഫ്ബി, പ്ലാന്‍, കാസര്‍കോട് വികസനപാക്കേജ് തുടങ്ങി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് 5000കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 40ശതമാനം ഫണ്ടുകളും ചിലവഴിച്ചത് വിദ്യാഭ്യാസ മേഖലയിലാണ്. കക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് മാത്രമായി 5കോടി രൂപയാണ് അനുവദിച്ചത്.മണ്ഡലത്തിലെ പല സ്‌കൂളുകള്‍ക്കും 3കോടി, 1കോടി കണക്കില്‍ ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഒരു വികസനവും നടത്തിയിട്ടി ല്ലെന്ന് യുഡിഎഫും ബിജെപിയും കള്ള പ്രചരണം നടത്തുകയാണ്. കൃത്യമായ രാഷ്ട്രീയം പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടര്‍മാരെ സമര്‍പ്പിക്കുന്നത്. കഴിഞ്ഞ 10ദിവസം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ ആവേശകരമായ പ്രതികരണങ്ങളാണ് വോട്ടര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെയും ജനക്ഷേമ പദ്ധതികളുടെയും ഗുണഫലങ്ങള്‍ ലഭിച്ച വോട്ടര്‍മാരില്‍ നിന്നും അനുകൂല പ്രതികരണങ്ങളാണ് ഉണ്ടാകുന്നതെന്ന് സ്ഥാനാര്‍ഥി വ്യക്തമാക്കി. പരിപാടിയില്‍ പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്മാന്‍ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ സംബന്ധിച്ചു. പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു.

 

error: Content is protected !!