ഗാര്‍ഹിക അതിക്രമങ്ങള്‍: പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ വേദിയൊരുക്കി പോലീസും വിവിധ വകുപ്പുകളും; കാസര്‍കോട് സംയുക്ത യോഗം ശ്രദ്ധേയമായി
കാസര്‍കോട്: സ്ത്രീകള്‍ വീടുകളില്‍ നേരിടുന്ന പീഡനങ്ങളും ഗാര്‍ഹിക അതിക്രമങ്ങളും സംബന്ധിച്ച് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച നടന്നു. സോഷ്യല്‍ പോലീസിംഗ് ഡിവിഷനും കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷനും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്.
നിരവധി സ്ത്രീകള്‍ തങ്ങളുടെ വ്യക്തിപരവും ഗാര്‍ഹികവുമായ പ്രശ്നങ്ങള്‍ യോഗത്തില്‍ വ്യക്തമായി അവതരിപ്പിക്കുകയും പരാതികള്‍ ഉന്നയിക്കുകയും ചെയ്തു. പരാതികള്‍ പോലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും നേരിട്ട് കേള്‍ക്കുകയും ആവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് പി. ഐ.പി.എസ് യോഗം ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ഹനീഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന് മുഖ്യാതിഥിയായി.എ.എസ്.പി അച്യുത് അശോക് ഐ.പി.എസ് സ്വാഗതം പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ വകുപ്പ്, ശിശു സംരക്ഷണ വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, പ്രൊബേഷന്‍ ഓഫീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ, സ്നേഹിത പ്രതിനിധികളും അംഗങ്ങളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.സ്ത്രീകള്‍ക്ക് സ്വതന്ത്രമായും ധൈര്യപൂര്‍വ്വവും തങ്ങളുടെ ഗാര്‍ഹിക പ്രശ്നങ്ങള്‍ തുറന്നു പറയാനുള്ള വേദിയും അതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ പോലീസിംഗ് ഡിവിഷന് യോഗം സംഘടിപ്പിച്ചത്.

