local news

ഗണേഷ് പ്രസാദിന് ഹോസ്ദുര്‍ഗിന്റെ കണ്ണീര്‍ പ്രണാമം

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗിന്റെ ജനകീയ മുഖം ഗണേഷ് പ്രസാദ് എന്ന പച്ചക്കറി മണി (48) യാത്രയായി. നാടിനെ കണ്ണീരിലാഴ്ത്തിയാണ് ആ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ ശനിയാഴ്ച അതിരാവിലെയായിരുന്നു ആ ദുരന്ത നിമിഷം. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിനകത്ത് കുഴഞ്ഞുവീണ മണിയെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആദ്യം അരിമല ഹോസ്പിറ്റലിലും, നില ഗുരുതരമായതിനാല്‍ മംഗലാപുരം കെ.എം.സി ഹോസ്പിറ്റലിലേക്കും എത്തിച്ചു.
എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ത്ത് ഇന്നലെ രാവിലെ മണി എല്ലാവരോടും യാത്ര പറഞ്ഞു.
ശബരിമലയ്ക്ക് പോകാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മണിയും മകന്‍ അദ്വൈതും മാലയിട്ടത്. രാവിലെ കുളി കഴിഞ്ഞ് പുതിയകോട്ടയിലെ മണികണ്ഠ മഠത്തിലേക്കുള്ള ഒരുക്കത്തിനിടെയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. അയ്യപ്പനെ കാണാനുള്ള യാത്രയ്ക്ക് ഒരുങ്ങിയ മണിയെ, വിധി മറ്റൊരു യാത്രയ്ക്കാണ് വിളിച്ചത്. ഹോസ്ദുര്‍ഗ് ശ്രീ അമ്മനവര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി നടന്നുവരുന്ന സാര്‍വജനിക ഗണേശോത്സവത്തിന്റെ വിഗ്രഹത്തിന്റെ ചാര്‍ജ് വഹിച്ചിരുന്നത് ഗണേഷ് പ്രസാദ് ആയിരുന്നു. മംഗലാപുരത്ത് പോയി വിഗ്രഹം തിരഞ്ഞെടുക്കുകയും അതിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യുന്നതെല്ലാം മണി തന്നെയായിരുന്നു. ഇനി ആ ഗണേശോത്സവത്തിന് മണിയുണ്ടാകില്ല എന്നോര്‍ക്കുമ്പോള്‍ നാടിന് തീരാ നഷ്ടം. ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ ആഘോഷ കമ്മിറ്റിയുടെ സെക്രട്ടറിയായി നിരവധി തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ നവരാത്രി നാളുകളിലും അടുക്കളയിലെ സജീവ സാന്നിധ്യമായിരുന്നു മണി. ഹോസ്ദുര്‍ഗ് നിത്യാനന്ദ ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകന്‍ കൂടിയായിരുന്നു. എന്നും രാവിലെ ഭഗവാനെ തൊഴുത് മാത്രമേ തന്റെ സ്ഥാപനത്തിലേക്ക് എത്താറുള്ളൂ. ഉച്ചയ്ക്ക് അന്നദാനം വിതരണം ചെയ്യാന്‍ മണി ആശ്രമത്തില്‍ എത്തുമായിരുന്നു. ആശ്രമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിത്യാനന്ദ യുവ ബ്രിഗേഡിയന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. സംഘടനയുടെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. കാഞ്ഞങ്ങാട് മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെ സജീവ പ്രവര്‍ത്തകനും നിലവില്‍ മര്‍ച്ചന്റ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
ഹോസ്ദുര്‍ഗിലെയും സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലും ആധ്യാത്മിക പ്രവര്‍ത്തനങ്ങളിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഏതു പരിപാടികള്‍ക്കും സജീവ സാന്നിധ്യമായിരുന്നു മണി. സമീപത്തെ പല ക്ഷേത്രങ്ങളിലും അന്നദാനവുമായി ബന്ധപ്പെട്ട് പച്ചക്കറി എത്തിക്കുക എന്നത് മണിയുടെ കര്‍മ്മയോഗം പോലെ അദ്ദേഹം ചെയ്തുവന്നിരുന്നു. പുതിയകോട്ട ചന്തയിലും നഗരത്തിലെ ആഘോഷങ്ങളിലും പൊതുപരിപാടികളിലുമെല്ലാം ആത്മാര്‍ത്ഥത നിറഞ്ഞു തുളുമ്പിയ ചിരിയുമായി ഇരുചക്ര വാഹനത്തിലും അല്ലാതെയും ഓടിച്ചാടി എത്താറുള്ള മണി പുതിയകോട്ട നഗരത്തിന് അനിവാര്യമായിരുന്നു.എല്ലാവരെയും സ്‌നേഹിച്ച് ജീവിച്ച മണിയുടെ ഭൗതിക ശരീരം ഇന്നലെ രാവിലെ കാഞ്ഞങ്ങാട് വ്യാപാര ഭവന്‍, ഹോസ്ദുര്‍ഗ് ബി.ജെ.പി ഓഫീസായ മാരാര്‍ജി മന്ദിരം, കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമ പരിസരം, മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ മധുര ഐസ് ഫാക്ടറി പരിസരം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചയോടെ കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന് സമീപമുള്ള സ്വവസതിയില്‍ എത്തിച്ചു. തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോട്ട രുദ്രഭൂമിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി.
എല്ലാ സ്ഥലങ്ങളിലും നൂറുകണക്കിന് ആളുകളാണ് അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. സംഘപരിവാറിന്റെ വിവിധ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന, മണ്ഡലം ഭാരവാഹികളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കണ്ണീര്‍ പൊഴിയാതെ പലരും പിടിച്ചു നിന്നെങ്കിലും മൃതദേഹം ചിതയില്‍ എടുക്കുമ്പോള്‍ പലരും വിതുമ്പുന്ന കാഴ്ചയായിരുന്നു. ചിരിച്ചുകൊണ്ട് മാത്രം കണ്ട മണിയുടെ മുഖം ഇനി ഓര്‍മ്മകളില്‍ മാത്രം.

 

error: Content is protected !!