എന്റെ കൂടപ്പിറപ്പുകളെ നിങ്ങളെന്‍ ലോകത്തെ എന്തു ചെയ്തു?കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്റെ പരിസ്ഥിതി ചിത്രത്തിന്റെ ഓര്‍മ്മകള്‍
പ്രഭാകരന് കാഞ്ഞങ്ങാട്
പ്രശസ്ത ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ പി.വി. കൃഷ്ണന്റെ പരിസ്ഥിതി പോസ്റ്റര്‍ ഇന്നും ഓര്‍മ്മകളില്‍ തിളങ്ങി നില്ക്കുന്നു. പ്രശസ്ത കവി സുഗതകുമാരി പോസ്റ്ററിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: നിങ്ങളെന്‍ ലോകത്തെ എന്തു ചെയ്തു? നിങ്ങളെന്‍ ലോകത്തെ എന്തു ചെയ്തു? ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ചിത്രം രചിക്കപ്പെട്ടു.ഒരു മരക്കുറ്റിയില്‍ കാലിനിടയില്‍ മുട്ടയും വെച്ചുകൊണ്ട് കണ്ണീര് വാര്‍ക്കുന്ന പക്ഷിയുടെ ആ ബഹുവര്‍ണ പെയിന്റിംഗ് ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. ‘പ്രകൃതിയുടെ കണ്ണുനീര്’ – മറക്കാനാവാത്ത പരിസ്ഥിതി ചിത്രം
കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ മാത്രമല്ല, മികച്ച ചിത്രകാരന് എന്ന നിലയിലും പി.വി. കൃഷ്ണന് ശ്രദ്ധിക്കപ്പെട്ടതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘പ്രകൃതിയുടെ കണ്ണുനീര്’.1980-കളില്‍ കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ ചര്‍ച്ചകള്‍ ശക്തിപ്പെട്ട കാലത്താണ് ഈ ചിത്രം ശ്രദ്ധ നേടിയത്. സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിയുടെ നാശവും മനുഷ്യന്റെ ഇടപെടലുകളും അവതരിപ്പിച്ച ഈ സൃഷ്ടി പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ ശ്രദ്ധേയമായ ദൃശ്യപ്രതീകമായി മാറി.
ഒരു ചിത്രം കണ്ടാല്‍ മനുഷ്യന്റെ മനസ്സില്‍ വേദനയുണ്ടാകണം. ആ വേദന ചിന്തയായി മാറണം. ചിന്ത പ്രവര്‍ത്തനമായി മാറണം. ചിത്രകലയിലൂടെ അത്തരമൊരു സാമൂഹിക ഇടപെടല്‍ നടത്തുകയായിരുന്നു കൃഷ്ണന് മാഷ്.
പ്രകൃതിയുടെ മുറിവുകള്‍ക്ക് നിറംകൊടുത്ത കലാകാരന് എന്ന നിലയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തേണ്ടതുണ്ട്. കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്: സകല സമൂഹ സാക്ഷിയായ കലാകാരന്…വരകളിലൂടെ കാലത്തെയും സമൂഹത്തെയും സാക്ഷിയാക്കിയ പ്രതിഭ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തെ ഇത്രയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഒരു കലാകാരന് കഴിയുമോ? വാക്കുകള്‍ക്കു പറയാന്‍ കഴിയാത്തത് ഏതാനും വരകളിലൂടെ പറയാന്‍ കഴിയുമോ? ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കാനും അധികാരത്തിന്റെ മുഖംമൂടികള്‍ വലിച്ചുകീറാനും ഒരു കാര്‍ട്ടൂണിന് കഴിയുമോ?
തീര്‍ച്ചയായും കഴിയും എന്ന് ജീവിതംകൊണ്ട് തെളിയിച്ച കലാകാരനായിരുന്നു കാര്‍ട്ടൂണിസ്റ്റും ഗ്രാഫിക് ഡിസൈനറുമായ പി.വി. കൃഷ്ണന്.
അദ്ദേഹത്തിന്റെ വിയോഗം ഒരു കലാകാരന്റെ മരണം മാത്രമല്ല. മലയാളത്തിലെ കാര്‍ട്ടൂണ്‍ കലാരംഗത്തിന്, ഗ്രാഫിക് രൂപകല്പനയുടെ ലോകത്തിന്, കാലത്തിന്റെ സ്പന്ദനങ്ങള്‍ വരകളില്‍ അടയാളപ്പെടുത്തിയ ഒരു സര്‍ഗാത്മക സാന്നിധ്യത്തിന്റെ വിടവാങ്ങല്‍ കൂടിയാണ്.
ഒരു നല്ല കാര്‍ട്ടൂണിസ്റ്റ് സമൂഹത്തിന്റെ സാക്ഷിയാണ്. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ കാണുന്ന ഒരാള്‍ മാത്രമല്ല, കാണാതെ പോകുന്ന വൈരുധ്യങ്ങള്‍ കണ്ടെത്തുന്നയാളുമാണ്. അധികാരത്തിന്റെ അഹങ്കാരവും സാധാരണ മനുഷ്യന്റെ നിസ്സഹായതയും രാഷ്ട്രീയത്തിലെ വൈരുധ്യങ്ങളും സാമൂഹിക ജീവിതത്തിലെ കാപട്യങ്ങളും അയാളുടെ വരകളില്‍ തെളിയുന്നു. അത്തരമൊരു നിരീക്ഷണബോധമുള്ള കലാകാരനെയാണ് പി.വി. കൃഷ്ണന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്.’സാക്ഷി’ – കാലത്തിന്റെ രാഷ്ട്രീയചരിത്രം വരച്ച പരമ്പര
പി.വി. കൃഷ്ണന്റെ കലാജീവിതത്തില്‍ ഏറ്റവും ശ്രദ്ധേയമായ അധ്യായമാണ് ‘സാക്ഷി’.
1977 മുതല്‍ കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ ഈ കാര്‍ട്ടൂണ്‍ പരമ്പര ഏതാണ്ട് നാലു പതിറ്റാണ്ടോളം മലയാളിയുടെ വായനാനുഭവത്തിന്റെ ഭാഗമായി. രാഷ്ട്രീയ സംഭവവികാസങ്ങളെയും സാമൂഹിക ജീവിതത്തിലെ അസംബന്ധങ്ങളെയും അധികാരത്തിന്റെ ഇരട്ടത്താപ്പുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടുള്ള വരകളായിരുന്നു ‘സാക്ഷി’യുടേത്.
‘സാക്ഷി’ എന്ന പേരില്‍ത്തന്നെ ഒരു വലിയ ദാര്‍ശനികതയുണ്ട്. സംഭവങ്ങള്‍ക്കിടയില്‍ നില്ക്കുന്ന ഒരാള്‍. എല്ലാം കാണുന്ന ഒരാള്‍. എന്നാല്‍ കാണുന്നതെല്ലാം തുറന്നുപറയാന്‍ മടിക്കാത്ത ഒരാള്‍.രാഷ്ട്രീയത്തില്‍ അധികാരങ്ങള്‍ മാറിമറിഞ്ഞു. ഭരണകൂടങ്ങള്‍ വന്നു, പോയി. നേതാക്കള്‍ ഉയരുകയും താഴുകയും ചെയ്തു. വികസനത്തിന്റെ പേരില്‍ പുതിയ വാഗ്ദാനങ്ങള്‍ ഉയര്‍ന്നു. അഴിമതിയും അധികാരദുര്‍വിനിയോഗവും ചര്‍ച്ചയായി. ഈ മാറ്റങ്ങളുടെയെല്ലാം നടുവില്‍ ‘സാക്ഷി’ തന്റെ നിരീക്ഷണവുമായി നിലകൊണ്ടു.
ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുമ്പോള്‍ അതില്‍ അനാവശ്യമായ ഒന്നും ഉണ്ടാകരുത്. ഏതാനും വരകള്‍, ഒരു മുഖഭാവം, ഒരു ചെറിയ സംഭാഷണം. അത്രയും മതി വലിയൊരു രാഷ്ട്രീയ വിമര്‍ശനം നടത്താന്‍. ഈ ലാളിത്യമായിരുന്നു കൃഷ്ണന് മാഷിന്റെ കാര്‍ട്ടൂണുകളുടെ സവിശേഷത.
അദ്ദേഹത്തിന്റെ കാര്ട്ടൂണുകള് വെറും ഫലിതങ്ങളായിരുന്നില്ല. അവയില്‍ കാലത്തിന്റെ രാഷ്ട്രീയം ഉണ്ടായിരുന്നു. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളുണ്ടായിരുന്നു. സമൂഹത്തിന്റെ കാപട്യങ്ങളെ തുറന്നുകാട്ടുന്ന നിശിതമായ പരിഹാസമുണ്ടായിരുന്നു.
‘കുട്ടന് കണ്ടതും കേട്ടതും’ – മറ്റൊരു ശ്രദ്ധേയ അധ്യായം
മലയാള കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ പി.വി. കൃഷ്ണന്റെ മറ്റൊരു പ്രധാന സംഭാവനയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘കുട്ടന് കണ്ടതും കേട്ടതും’. അരവിന്ദന്റെ വിഖ്യാതമായ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ അവസാനിച്ച കാലഘട്ടത്തില്‍ മാതൃഭൂമിയുടെ താളുകളില്‍ എത്തിയ കൃഷ്ണന് മാഷ്, സ്വന്തം നിരീക്ഷണങ്ങളിലൂടെ വേറിട്ടൊരു ആവിഷ്കാരശൈലി സൃഷ്ടിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ ചുറ്റുമുള്ള ലോകത്തെ ഒരു സാധാരണ മനുഷ്യന്റെ കണ്ണിലൂടെ കാണുകയായിരുന്നു ഈ പരമ്പരയുടെ പ്രത്യേകത. ജീവിതത്തിലെ ചെറിയ കാഴ്ചകളില്‍നിന്ന് വലിയ സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്.
സാധാരണ മനുഷ്യരുടെ ചിന്തകളും അനുഭവങ്ങളും സാമൂഹിക സാഹചര്യങ്ങളും അദ്ദേഹത്തിന്റെ വരകളില്‍ ഇടംപിടിച്ചു.
ചരിത്രത്തെ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍
കൃഷ്ണന് മാഷിന്റെ ജീവിതത്തിലെ ഏറെ കൗതുകകരവും ചരിത്രപ്രാധാന്യമുള്ളതുമായ മറ്റൊരു മേഖല ഫോട്ടോഗ്രാഫിയാണ്. അദ്ദേഹം പകര്‍ത്തിയ ഒരു പഴയ ചിത്രം ഇന്ന് കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ അപൂര്‍വമായ രേഖയായി മാറിയിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരനും സ്വാമി ആനന്ദതീര്‍ത്ഥനും കൊറഗ സമുദായാംഗങ്ങള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം.അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടന്ന ആ മിശ്രഭോജനത്തിന്റെ ചരിത്രനിമിഷം ക്യാമറയില്‍ പകര്‍ത്തിയത് പി.വി. കൃഷ്ണനായിരുന്നു.
ഈ ചിത്രത്തിന്റെ പിന്നിലെ കഥയും ഏറെ ശ്രദ്ധേയമാണ്. സ്വാമി ആനന്ദതീര്‍ത്ഥന്റെ ഇടപെടലിലൂടെ കൊറഗ സമുദായാംഗങ്ങളെ ആഭ്യന്തരമന്ത്രിക്കൊപ്പം ഇരുത്തി ഭക്ഷണം കഴിപ്പിച്ച ആ സന്ദര്‍ഭം കൃഷ്ണന് മാഷ് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.പിന്നീട് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ സുവര്‍ണജൂബിലി പ്രദര്‍ശനത്തിനിടെ ഈ ചിത്രം കണ്ട കെ. കരുണാകരന് അതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൃഷ്ണന് മാഷ് താനാണ് ചിത്രമെടുത്തതെന്ന് വെളിപ്പെടുത്തിയത്.ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണശേഷിയും ചരിത്രബോധവും വ്യക്തമാക്കുന്ന സംഭവമാണിത്. ഒരു നിമിഷത്തെ ക്യാമറയില്‍ പകര്‍ത്തുകയല്ല, വരുംതലമുറയ്ക്ക് ചരിത്രം കൈമാറുകയായിരുന്നു അദ്ദേഹം ചെയ്തത്. റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ അഭിമാനമായികേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ഡിസൈനറായി പ്രവര്‍ത്തിച്ച കാലത്തും കൃഷ്ണന് മാഷ് തന്റെ സര്‍ഗാത്മകതയുടെ കരുത്ത് തെളിയിച്ചു.
ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് ‘സുഗന്ധവ്യഞ്ജനങ്ങളുടെ നാട്’ എന്ന ആശയത്തില്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്ത ഫ്ലോട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച രൂപകല്‍പ്പനയ്ക്കുള്ള സ്വര്‍ണമെഡല്‍ കേരളത്തിന് ലഭിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനയും നിര്‍ണായകമായിരുന്നു.
ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറുകളിലെ കേരള പവലിയനുകള്‍ക്കും പ്രദര്‍ശന സ്റ്റാളുകള്‍ക്കും അദ്ദേഹം രൂപകല്‍പ്പന നിര്‍വഹിച്ചു.
സര്‍ക്കാര്‍ പരസ്യങ്ങള്‍, മദ്യനിരോധന പ്രചാരണം, പുകവലിക്കും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണം, ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയവയ്ക്കായി തയ്യാറാക്കിയ പോസ്റ്ററുകളിലും അദ്ദേഹത്തിന്റെ കലാവൈഭവം തെളിഞ്ഞുനിന്നു. ഒരു സന്ദേശത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ചിത്രത്തിനുള്ള ശക്തി അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഡിസൈനുകള്‍ അലങ്കാരങ്ങള്‍ മാത്രമായിരുന്നില്ല; അവ ആശയങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളായിരുന്നു.
ഗുരുവായിരുന്ന കലാകാരന്
പി.വി. കൃഷ്ണനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും ഓര്‍ക്കേണ്ടതുണ്ട്.കാര്‍ട്ടൂണ്‍ കലയിലേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് അദ്ദേഹം നല്കിയ പ്രോത്സാഹനവും പരിശീലനവും വിലമതിക്കാനാവാത്തതാണ്. നിരീക്ഷണശേഷി, വരയിലെ കൃത്യത, ആശയത്തിന്റെ വ്യക്തത, ചിത്രത്തിന്റെ ഫ്രെയിമിങ് എന്നിവയില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ഒരു കാര്‍ട്ടൂണിസ്റ്റിന് ഫോട്ടോഗ്രാഫറെപ്പോലെ നിരീക്ഷിക്കാന്‍ കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വരയ്ക്കാന്‍ ഉദ്ദേശിക്കുന്ന ദൃശ്യം ആദ്യം മനസ്സില്‍ കൃത്യമായി ഫ്രെയിം ചെയ്യണം. അനാവശ്യമായ ഒന്നും ചിത്രത്തില്‍ കടന്നുവരരുത്.ഈ കലാബോധം അദ്ദേഹത്തിന്റെ ശിഷ്യന്മാരിലേക്ക് പകര്ന്നുനല്കാന് അദ്ദേഹത്തിന് കഴിഞ്ഞു.2007ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഫെലോഷിപ്പും 2009-ല്‍ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഈ അംഗീകാരങ്ങള്‍ കാര്‍ട്ടൂണ്‍ കലയ്ക്ക് നല്കിയ ദീര്‍ഘകാല സംഭാവനകള്‍ക്കുള്ള ആദരവായിരുന്നു.
അരോളിയില്നിന്ന് തിരുവനന്തപുരത്തേക്ക്.
1943-ല്‍ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിക്കടുത്ത അരോളിയിലാണ് പി.വി. കൃഷ്ണന് ജനിച്ചത്. രാമന് നായരുടെയും കല്ല്യാണി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പം മുതല്‍ ചിത്രകലയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.
കെ.കെ. ആചാരിയില്നിന്നാണ് ചിത്രകലയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീട് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1973-ല്‍ അദ്ദേഹത്തിന്റെ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എന്‍.വി. കൃഷ്ണവാര്യരുടെ പ്രോത്സാഹനവും കാര്‍ട്ടൂണ്‍ രംഗത്തേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി.
പിന്നീട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെത്തിയ അദ്ദേഹം ഡിസൈനിങ് രംഗത്തും കാര്‍ട്ടൂണ്‍ കലയിലും ഫോട്ടോഗ്രാഫിയിലും ഒരേസമയം സജീവമായി. കാസര്‍കോട് ജില്ലയെക്കുറിച്ച് എം എ റഹ് മാന്‍ സംവിധാനം ചെയ്ത സപ്തസ്വരങ്ങളുടെ ബാബേല്‍ എന്ന ടെലി ഡോക്യൂമെന്ററിയില്‍ മാഷ് പി വി കൃഷ്ണനായി തന്ന അഭിനയിച്ചിട്ടുണ്ട്. കേരള ചലച്ചിത്ര വികസന കോര്‍പറേഷനാണ് ചിത്രം നിര്‍മ്മിച്ചത്. കെ. എം അഹ്മദ് മാഷിന്റെയും മഹാകവി പി കുഞ്ഞിരാമന് നായരുടെയും സ്വന്തം.
മഹാകവിയുടെ നിരവധി അപൂര്‍വ്വ ഫോട്ടോകള്‍ മാഷ് പകര്‍ത്തിയിട്ടുണ്ട്. ഇന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായി ആ മഹത്തരമാര്‍ന്ന ചിത്രങ്ങള്‍ കവിയുടെ ജിവീത രേഖകളായി നിലനില്ക്കുന്നു.
ഒരുപാട് ജീവിതാനുഭവങ്ങള്‍ കണ്ടും അറിഞ്ഞും രേഖപ്പെടുത്തിയും കടന്നുപോയ ആ കലാകാരന് 83-ാം വയസ്സില്‍ തിരുവനന്തപുരം കരിയത്തുള്ള വസതിയില്‍ 2026 നവംബര്‍ 14-ന് രാത്രി വിടവാങ്ങി.
ഇനി ബാക്കിയാകുന്നത് ആ വരകള്‍ മാത്രം…
ചില കലാകാരന്മാര് മരിക്കുമ്പോള്‍ അവരുടെ സൃഷ്ടികള്‍ക്ക് മരണമുണ്ടാകുന്നില്ല. അവര്‍ വരച്ച ചിത്രങ്ങള്‍ വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. അവര്‍ പകര്‍ത്തിയ ഫോട്ടോകള്‍ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ പുതിയ തലമുറയിലും പ്രസക്തമായി തുടരുന്നു.
പി.വി. കൃഷ്ണന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്.
കുങ്കുമം വാരികയുടെ താളുകളില്‍ ‘സാക്ഷി’യായി അദ്ദേഹം ഇനിയും ജീവിക്കും. മാതൃഭൂമിയുടെ താളുകളില്‍ കുട്ടന്റെ കാഴ്ചകളിലൂടെ അദ്ദേഹം വീണ്ടും നമ്മളോട് സംസാരിക്കും. ‘പ്രകൃതിയുടെ കണ്ണുനീര്’ എന്ന ചിത്രത്തിലൂടെ പ്രകൃതിയുടെ വേദന നമ്മെ ഓര്‍മിപ്പിക്കും. ചരിത്രത്തിന്റെ ഒരു നിര്‍ണായക നിമിഷം പകര്‍ത്തിയ ഫോട്ടോഗ്രാഫിലൂടെ സാമൂഹിക നീതിയുടെ പോരാട്ടങ്ങള്‍ നമ്മളെ വീണ്ടും ചിന്തിപ്പിക്കും.കാലം കടന്നുപോകുമ്പോള്‍ പലതും വിസ്മൃതിയിലാകും. എന്നാല്‍ കാലത്തെ സാക്ഷിയാക്കി വരച്ച ചില വരകള്‍ ഒരിക്കലും മാഞ്ഞുപോകില്ല. കൃഷ്ണന് മാഷിന്റെ വരകള്‍ അത്തരത്തിലുള്ളവയാണ്. അദ്ദേഹം ഒരു കാര്‍ട്ടൂണിസ്റ്റ് മാത്രമായിരുന്നില്ല. ചിത്രകാരനായിരുന്നു, ഫോട്ടോഗ്രാഫറായിരുന്നു, ഡിസൈനറായിരുന്നു, ഗുരുവായിരുന്നു. എല്ലാറ്റിനുമുപരി സമൂഹത്തിന്റെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു.
കണ്ടതെല്ലാം വരച്ചുവെച്ചില്ല അദ്ദേഹം. വരയ്ക്കേണ്ടതെന്തെന്ന് തിരിച്ചറിഞ്ഞു.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു വാക്കില്‍ അടയാളപ്പെടുത്താം:
സകലത്തിനും സാക്ഷിയായ കലാകാരന്.
മഹാനായ ആ കലാകാരന് ആദരാഞ്ജലികള്‍

