local news

കേരളവിഷനും എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റും സംയുക്തമായി നടപ്പാക്കുന്ന ഓരോ ജില്ലയ്ക്കും ഒരു ആംബുലന്‍സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയ്ക്കുള്ള ആംബുലന്‍സ് സമര്‍പ്പണം 20ന്

നീലേശ്വരം: സേവനവും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച് കേരളവിഷനും എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റും സംയുക്തമായി നടപ്പാക്കുന്ന ഓരോ ജില്ലയ്ക്കും ഒരു ആംബുലന്‍സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയ്ക്കുള്ള ആംബുലന്‍സ് സമര്‍പ്പണം 20ന് ഉച്ചയ്ക്ക് 12 മണിക്ക് നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് നടക്കും. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ആംബുലന്‍സിന്റെ താക്കോല്‍ദാനവും സമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനവും എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു നിര്‍വഹിക്കും. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിക്കും.
വയനാട് ജില്ലയിലെ കല്‍പറ്റ ഗവ. ജനറല്‍ ആശുപത്രി, ഇടുക്കി ജില്ലയിലെ ഗവ. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തൃശൂര്‍ ജില്ലയിലെ പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഇതിനകം ആംബുലന്‍സുകള്‍ കൈമാറിയിട്ടുണ്ട്. 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബി.എല്‍.എസ്. ആംബുലന്‍സാണ് നീലേശ്വരം താലൂക്ക് ആശുപത്രിക്ക് കൈമാറുന്നത്. ആരോഗ്യ അടിയന്തര സാഹചര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് ആശ്രയമാകുന്ന പദ്ധതി കേരളവിഷന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ്.

നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.എം. സന്ധ്യ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. സുരേന്ദ്രന്‍, കേരളവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് എം.ഡി. കെ. ഗോവിന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി, സംഘടനാ പ്രതിനിധികള്‍, കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍, ആശുപത്രി എച്ച്.എം.സി. അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ് സ്വാഗതവും നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സോനു ബി. നായര്‍ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, കേരളവിഷന്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍, ജില്ലാ ട്രഷറര്‍ പി. വിനോദ്, നീലേശ്വരം മേഖല സെക്രട്ടറി പി.ആര്‍. ജയചന്ദ്രന്‍, പ്രസിഡന്റ് കെ.വി. രാജീവന്‍, എന്‍.എം.സി. ചെയര്‍മാന്‍ രാജീവന്‍ കരിങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!