മാവുങ്കാല്‍: ശ്രീരാമസേവാ സമിതി സത്സംഗം മാവുങ്കാലിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷക്കാലം സംഘടിപ്പിക്കുന്ന വാല്‍മീകി രാമായണ പാരായണ യജ്ഞത്തിന്റെ ഭാഗമായി ചിങ്ങം സത്രം മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ ഭക്തിയുടെ നിറവില്‍ തുടരുന്നു. മാവുങ്കാല്‍ ശ്രീരാമക്ഷേത്രം തന്ത്രിവര്യനായ ബ്രഹ്‌മശ്രീ എടമന ഈശ്വരന്‍ നമ്പൂതിരിയുടെ ദീപ പ്രജ്വലനം നടത്തി. തുടര്‍ന്ന് ശ്രീരാമസേവാ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ വാല്‍മീകി രാമായണ പാരായണം നടന്നു. രാമായണത്തിന്റെ മഹത്തായ ജീവിതസന്ദേശങ്ങളെ ആസ്പദമാക്കി കെ.എന്‍. രാധാകൃഷ്ണന്‍ നറാത്ത് പ്രഭാഷണം നടത്തി. രാമായണം നല്‍കുന്ന ജീവിതമൂല്യങ്ങളും ധാര്‍മ്മിക സന്ദേശങ്ങളും ഇന്നത്തെ നിത്യജീവിതത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതും അദ്ദേഹം വിശദീകരിച്ചു.
ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയും സത്യസന്ധതയുംസീതയുടെ സഹനവും ആത്മധൈര്യവും, ലക്ഷ്മണന്റെ സഹോദര സ്‌നേഹവും സമര്‍പ്പണവും തുടങ്ങി രാമായണത്തിലെ ഓരോ കഥാപാത്രങ്ങളിലൂടെയും ലഭിക്കുന്ന ജീവിതപാഠങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് ഏറെ പ്രസക്തമാണെന്ന് പ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ന്നുവരുന്ന തലമുറ നേരിടുന്ന വിവിധ സാമൂഹികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിക്കുന്നതിന് രാമായണത്തിലെ മൂല്യങ്ങള്‍ വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. രാമായണ പാരായണത്തോടനുബന്ധിച്ച് ആത്മീയചൈതന്യം നിറഞ്ഞ അന്തരീക്ഷത്തില്‍ വിവിധ പ്രാര്‍ത്ഥനകളും നടന്നു. ശ്രീരാമസേവാ സമിതി സത്സംഗം മാവുങ്കാലിന്റെ അംഗങ്ങളും ഭാരവാഹികളും നാട്ടുകാരും പരിപാടിയില്‍ സംബന്ധിച്ചു. കെ.പി. കരുണാകരന്‍ സ്വാഗതവും ചന്ദ്രശേഖരന്‍ തൈക്കടപ്പുറം നന്ദിയും പറഞ്ഞു. പി.പി.രാധിക ടീച്ചര്‍,സുമ രാഘവന്‍, രുഗ്മിണി ദാമോദരന്‍, ഹരിഹരന്‍ നമ്പ്യാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വാല്‍മീകി രാമായണ പാരായണ യജ്ഞം എല്ലാ മലയാള മാസവും ആദ്യ ബുധനാഴ്ച മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
