മാവുങ്കാല്‍:നാടിന്റെ സംരക്ഷണത്തിനായി സ്വന്തം മക്കളെ ഗുരുവിന്റെ നിര്‍ദേശപ്രകാരം വിട്ടുനല്‍കിയ പാരമ്പര്യമാണ് ഭാരതത്തിന്റേത്. ഭാരതത്തില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് ”രാമ” എന്ന നാമം ഭക്തിപൂര്‍വ്വം ഉരുവിട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സനാതന ധര്‍മ്മ പാഠശാലയും മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച ”ശ്രീരാമ രാജ്യം – രാമായണ സംഗമം” പരിപാടി ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്കാരത്തിലും സനാതന ധര്‍മ്മത്തിലും ശ്രീരാമനാമത്തിനുള്ള മഹത്തായ സ്ഥാനത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം
സംസാരിച്ചു. പി.പി. രാധിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ധര്‍മ്മ പാഠശാല സംസ്ഥാന സമിതി അംഗം പ്രസന്നന് മുഖ്യപ്രഭാഷണം നടത്തി.രാമായണ പാരായണത്തിന് പരിശീലനം നല്കിയ സുജാത അയ്യങ്കാവ്, രുഗ്മണി ദാമോദരന്‍, സുമ രാഘവന്, പി.പി.രാധിക ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടി ഇന്‍ഡിഗോയില്‍ ജോലി നേടിയ ഹര്ഷന് രാഘവനെയും ചടങ്ങില്‍ അനുമോദിച്ചു.കെ. വേണുഗോപാലന്‍ നമ്പ്യാര്‍, രവീന്ദ്രന് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. സുമ രാഘവന് സ്വാഗതവും,ചന്ദ്രശേഖരന് നീലേശ്വരം നന്ദിയും പറഞ്ഞു.
തുടര്‍ന്ന് രാമായണത്തിലെ പ്രധാന ഭാഗങ്ങള്‍ വിവിധ ഗ്രൂപ്പുകളായി പാരായണം ചെയ്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന രാമായണ സംഗമം പങ്കെടുത്തവരില്‍ ആത്മീയ ഉണര്‍വും ശ്രീരാമനാമത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള അവബോധവും പകര്‍ന്നു.
