ഉദുമ :കാലവര്‍ഷകെടുതിയില്‍ സ്ഥാപനങ്ങള്‍ തകര്‍ന്നു കച്ചവടം അസാധ്യമായ വ്യാപാരികളുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യമായ നഷ്ടപരിഹാരം നല്കി പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ കൂടെനില്ക്കണമെന്നും കേരള വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ സമ്മേളനം പ്രധാന പ്രമേയമായി സര്‍ക്കാരിനോട് ആവശ്യപെട്ടു. ഓണനാളുകളിലെ കച്ചവടത്തിനായി വിവിധ വഴികളിലൂടെ ധനം സമാഹരിച്ചു സാധനങ്ങള്‍ എത്തിച്ച വ്യാപാരികളുടെ വ്യാപാര സ്ഥാപനങ്ങളാണ് മഴവെള്ളത്തില്‍ മുങ്ങിപോയത്. അവിടുത്തെ തൊഴിലാളികള്‍ ദുരിതം സര്‍ക്കാര്‍ കാണാതെ പോകരുത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ യുപിഐ ട്രാന്‍സക്ഷന്‍ ബിള്‍ വ്യാപാരികള്‍ക്ക് തിരിച്ചടിയാണെന്നും, സമാന്തര തെരുകച്ചവടങ്ങളും വന്കിടകളുടെ ഓണ്‍ലൈന്‍ കച്ചവടത്തിനും നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബേക്കല്‍ കോട്ടക്കുന്നിലെ ഓക്ക്സ് റെസിഡന്‍സിയിലെ ടി മുഹമ്മദ്കുഞ്ഞി നഗറില്‍ നടന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയന്റ് സെക്രട്ടറി സുഗുണന് ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി ദിവാകരന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന വ്യാപാരികളെ സമ്മേളനത്തില്‍ ആദരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെഴിയിച്ച അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. മരണപെട്ട പാലക്കുന്ന് യുണിറ്റിലെ വ്യാപാരിയുടെ കുടുംബത്തിന് വ്യാപാരമിത്രയിലെ ധനസഹായമായ 2 ലക്ഷം രൂപ ചടങ്ങില്‍ വെച്ച് കൈമാറി. സെക്രട്ടറി ശശിധരന് കൈരളി പ്രവര്‍ത്തനറിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ശോഭ ബാലന് സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉദയന്‍ പാലായി, സത്യന് പടന്നക്കാട്, രാഘവന്, ലിജു അബൂബക്കര്‍, സുകുമാരന്‍, രാജന് മണിയറ, ഹയറുന്നിസ, മോഹനന്, റിയാസ് കാസര്‍കോട് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി അധ്യക്ഷ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭന സ്വാഗതവും കണ്‍വീനര്‍ ടി സി സുരേഷ് നന്ദിയും പറഞ്ഞു. ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളിലെ 11യൂണിറ്റുകളില്‍ നിന്നായി 150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഏരിയ ഭാരവാഹികളായി ദിവാകരന് വി (പ്രസിഡന്റ്), അഷ്റഫ് മുദിയക്കാല്‍ (സെക്രട്ടറി), ടി സി സുരേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
