കാഞ്ഞങ്ങാട്: മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകത്തില്‍ പെരുങ്കളിയാട്ട മഹോത്സവം നടത്തുന്നതിന് ദൈവഹിതം അറിയാനുള്ള സ്വര്‍ണപ്രശ്ന ചിന്ത ക്ഷേത്രാങ്കണത്തില്‍ തുടരുന്നു.
പ്രമുഖ ജ്യോതിഷ പണ്ഡിതരായ പയ്യന്നൂര്‍ സദനം നാരായണ പൊതുവാള്, പിലിക്കോട് രാമചന്ദ്രന് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചിന്ത നടക്കുന്നത്. ജന്മകണിശന് ഇരിയ സുരേഷ് ജ്യോത്സ്യരുടെ കാര്‍മികത്വത്തില്‍ സ്വര്‍ണം വെച്ച് ചാര്‍ത്തി 13-നാണ് പ്രശ്നചിന്ത ആരംഭിച്ചത്.
പൗരാണികമായി യാദവ സമുദായത്തിലെ നാല് കഴകങ്ങളില്‍ ഒന്നാണ് മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകം. ദൈവികമായി ഏറെ ചരിത്ര പശ്ചാത്തലമുള്ള ക്ഷേത്രമാണിത്. കഴകസ്ഥാനത്തിന് അനുബന്ധമായി അഞ്ചോളം മറ്റ് സങ്കേതങ്ങളും നിരവധി ദൈവസങ്കല്പങ്ങളുമുള്ള പ്രത്യേകതയുള്ള ക്ഷേത്രമാണിത്.
മുളവിനി തറവാട്ടുകാര്‍ക്ക് പൂര്‍വിക ബന്ധമുള്ള ക്ഷേത്രം നിലവില്‍ യാദവ സമുദായത്തില്‍പ്പെട്ട നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പരിപാലിക്കുന്നത്.
പ്രശ്നചിന്തയില്‍ വിശേഷപ്പെട്ട നിരവധി ദൈവഹിതങ്ങള്‍ മനസ്സിലാക്കുകയും പെരുങ്കളിയാട്ടം നടത്തുന്നതിന് ആവശ്യമായ ആചാരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിന്തിച്ചു വരികയുമാണ്. ക്ഷേത്ര സ്ഥാനികര്‍, തറവാട്ട് അംഗങ്ങള്‍, നാട്ടുകാര്‍, ഇതര ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികര്‍, ഭാരവാഹികള്‍ തുടങ്ങി നിരവധി പേര് പ്രശ്നചിന്ത കേള്‍ക്കാന്‍ ക്ഷേത്രത്തിലെത്തുന്നുണ്ട്.
