കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു; സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ സ്ഥാപക അംഗവും അര നൂറ്റാണ്ടിലേറെ മാതൃഭൂമി ഹോസ്ദുര്‍ഗ് ലേഖകനായി പ്രവര്‍ത്തിക്കുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ (77) അന്തരിച്ചു.
മാവുങ്കാല്‍സഞ്ജീവനി ഹോസ്പിറ്റല്‍ സൂക്ഷിച്ച മൃതദേഹം നാളെ (ചൊവ്വ) രാവിലെ 7 മണിക്ക് വീട്ടിലെത്തിക്കും. തുടര്‍ന്ന് പത്തിന് വീടു വളപ്പില്‍ സംസ്‌കാരം നടത്തും. .ബേളൂര്‍ ശ്രീശങ്കര എ.യു.പി.സ്‌കൂള്‍, പറക്കളായി ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പ്രൈമറി എക്സ്റ്റന്‍ഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാന്‍ഫെഡിന്റെ ജില്ലയിലെ മുതിര്‍ന്ന സാരഥിയാണ്.
കാഞ്ഞങ്ങാട് മേഖലയിലും കിഴക്കന്‍ മലയോരത്തും മാതൃഭൂമിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്നത്തെ ആധുനിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് നിരവധി എക്‌സ്‌ക്ലൂസിവ് റിപ്പോര്‍ട്ടുകള്‍ മാതൃഭൂമിയിലുടെ പുറം ലോകത്തെത്തിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിച്ച ഒട്ടനേകം റിപ്പോര്‍ട്ടുകള്‍ കാവുങ്കല്‍ മാഷിന്റെതാണ്.

അധ്യാപകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.എന്‍.പണിക്കരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.ദീര്‍ഘകാലം കാന്‍ഫെഡിന്റെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും ഭാരവാഹിയായിരുന്നു. പറക്കളായി പി.എന്‍.പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ സ്ഥാപകരിലൊരാളാണ്.മികച്ച പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ കാന്‍ഫെഡ് അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കാവുങ്കല്‍ രചിച്ച റേഡിയോ നാടകങ്ങള്‍ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.നിരവധി അമേച്വര്‍ നാടകങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്.സാക്ഷരതാസമിതി പ്രചരണവിഭാഗം മാനേജര്‍, സാക്ഷര കേരളം മാസികയുടെ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഗോപുരം, കല്ലിന്റെ നിഴല്‍, അഭയം തേടുന്നവര്‍, ഗ്രാമവഴിയിലെ കനലുകള്‍ (നോവലുകള്‍), തെരഞ്ഞെടുത്ത ചെറുകഥകള്‍ തുടങ്ങിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറിയും കോടോം ബേളൂര്‍ മണ്ഡലം പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ അയ്യങ്കാവ് കുഞ്ഞിരാമന്‍ മണിയാണിയുടെയും കെ പി നാരായണിയമ്മയുടെയും മകനാണ്.
ഭാര്യ: ടി .ഇന്ദിര മക്കള്‍: അഭിലാഷ് ( മാസ്‌ട്രോ മെറ്റല്‍സ്, കാഞ്ഞങ്ങാട്), വിപിന്‍ കുമാര്‍ (എന്‍ജിനിയര്‍, എറണാകുളം), സബിന്‍രാജ് (ദുബായ്)  മരുമക്കള്‍: സിന്ധു (ലൈബ്രേറിയന്‍, പി.എന്‍.പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പറക്കളായി), പവിത്ര (എറണാകുളം), ജ്യോതി (ദുബായ്) സഹോദരങ്ങള്‍: കെ.പി.കൃഷ്ണന്‍(പൂതങ്ങാനം), കെ.പി.യശോദ
(തണ്ണോട്), കെ.പി.ലീലച്രീറ്റ കാവ്), പരേതയായ കാര്‍ത്യായനി.

 

error: Content is protected !!