ചാത്തമത്ത്: അല്‍പ്പമൊന്ന് പിഴച്ചാല്‍ വാഹനങ്ങള്‍ തെന്നിവീണ് സംഭവിക്കാന്‍ സാദ്ധ്യതയുള്ള ദുരന്തത്തിന് കാതോര്‍ക്കുകയാണ് ഒരു നാട് മുഴുവന്‍. ചാത്തമത്ത് തെക്കേടത്ത് പുതിയറ തറവാട് പാടാര്‍കുളങ്ങര ദേവസ്ഥാനത്തിന് മുന്നിലൂടെ പോകുന്ന കുത്തനെയുള്ള കോണ്‍ക്രീറ്റ് റോഡിലാണ് അപകടം പതിയിരിക്കുന്നത്. സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍ തടയുന്നതിന് റോഡ് സൈഡില്‍ കൈവരി സ്ഥാപിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.
ചാത്തമത്ത് റോഡില്‍ നിന്നും താഴോട്ട് ഇറങ്ങി പുതിയറ തറവാട് വരെ കുത്തനെയുള്ള ഇറക്കത്തില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡില്‍ കൈവരി സ്ഥാപിച്ചില്ലെങ്കില്‍ വലിയ അപകടം സംഭവിക്കുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്ന് നാട്ടുകാരും തറവാട് ഭാരവാഹികളും പറയുന്നു. വളഞ്ഞുതിരിഞ്ഞു വരുന്ന കോണ്‍ക്രീറ്റ് റോഡ് ആയതിനാല്‍ മഴക്കാലത്ത് കാറുകളും ബൈക്കുകളും ഓട്ടോറിക്ഷയും തെന്നിനീങ്ങുകയാണ്. നല്ല വഴുക്കല്‍ ഉള്ളതിനാല്‍ കാല്‍നട യാത്ര പോലും ദുസ്സഹമാണ്. വഴുതിപ്പോകുന്ന വാഹനങ്ങള്‍ ദേവസ്ഥാനത്തിന് അരികിലുള്ള വലിയ കുഴിയിലേക്കാണ് പതിക്കുക. പുതിയറ തറവാട് ദേവസ്ഥാനത്തിലേക്കും തൊട്ടടുത്തുള്ള വീടുകളിലേക്കും നിരന്തരം ആളുകള്‍ യാത്ര ചെയ്യുന്ന റോഡാണിത്. രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡില്‍ തുടങ്ങുന്ന ഭാഗത്ത് അല്പഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. തറവാടിന് മുന്‍ഭാഗത്തായി നിരവധി വീട്ടുകാര്‍ താമസിക്കുന്നുണ്ട്.
തുരുത്തിയിലെ കെ. വി അമ്പാടി പ്രസിഡന്റായിരുന്ന കാലത്ത് എം രാജഗോപാലന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2022-23 വര്‍ഷത്തില്‍ 15 ലക്ഷം രൂപ ചിലവിലാണ് ചാത്തമത്ത്- പുതിയറ റോഡില്‍ 370 മീറ്റര്‍ ദൂരം കോണ്‍ക്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കിയത്. അതിന് മുമ്പ് ഇത് ചെമ്മണ്‍ റോഡ് ആയിരുന്നു. തൃക്കരിപ്പൂര്‍ എം എല്‍ എ സന്ദീപ് വാര്യരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക വകയിരുത്തിയാല്‍ ഈ റോഡിന് കൈവരി നിര്‍മ്മിക്കുക എളുപ്പമാകും. നിരവധി തവണ നീലേശ്വരം നഗരസഭ ഭാരവാഹികളോട് ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും ഫണ്ട് അനുവദിക്കാന്‍ നടപടിയൊന്നും എടുത്തിട്ടില്ല. പരുക്കന്‍ റോഡ് പണിയുന്നതിന് പകരം മിനുസമുള്ള റോഡ് പണിതതാണ് ബുദ്ധിമുട്ട് ആയത്. മഴയത്ത് തെങ്ങോല കൊത്തിയിട്ടാണ് വാഹനങ്ങള്‍ ഇറക്കുന്നതെന്ന് തറവാട് പ്രസിഡന്റ് രാമചന്ദ്രന്‍, സെക്രട്ടറി ഗംഗാധരന്‍, വൈസ് പ്രസിഡന്റ് തമ്പാന്‍ ബങ്കളം എന്നിവര്‍ പറഞ്ഞു.
