കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗ ദിനാചരണത്തെ ജനകീയമാക്കാനും ആരോഗ്യകരമായ ജീവിതശൈലിയുടെ സന്ദേശം സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ യോഗ അസോസിയേഷന് കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം ജൂണ്‍ 21ന് കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കാന്‍ യോഗ അസോസിയേഷന് ജില്ല കമ്മറ്റി യോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡിലെ മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 21ന് വൈകിട്ട് 3 മണിക്ക് ഏകദേശം 300 ഓളം യോഗ അധ്യാപകരെ അണിനിരത്തി അസോസിയേഷന് സിലബസ് അടിസ്ഥാനമാക്കിയുള്ള വിവിധ യോഗാസനങ്ങളുടെ പ്രദര്‍ശനം നടക്കും. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.വി നാരായണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി ഗണേഷ് സംസാരിച്ചു. സെക്രട്ടറി കെ.പി. പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു.
