ഫാന്‍സ് ഷോ, റാലി, പെനാല്‍റ്റി ഷൂട്ടൗട്ട്, പ്രവചന മത്സരം എന്നിവ സംഘടിപ്പിച്ച് ലോകകപ്പിനെ വരവേറ്റ് രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

രാവണേശ്വരം : മൂന്ന് രാജ്യങ്ങളിലും 16 സ്റ്റേഡിയങ്ങളിലുമായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശം വാനോളമുയര്‍ത്തി രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ലോകകപ്പിനെ വരവേറ്റുകൊണ്ട് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഫാന്‍സ് ഷോ, വിവിധ ടീമുകളുടെ പതാകയേന്തി കൊണ്ട് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ റാലി, പെനാല്‍റ്റി ഷൂട്ടൗട്ട്, പ്രവചന മത്സരം എന്നിവ സംഘടിപ്പിച്ചു. മെക്‌സിക്കോയിലെ ആസ്‌ടെക്ക സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12. 30ന് നടക്കുന്ന ആദ്യ മത്സരത്തിലെ മെക്‌സിക്കോ ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളെയും ഗോള്‍ നിലയും പ്രവചിക്കുന്നവര്‍ക്ക് സമ്മാനമായി ഫുട്‌ബോള്‍ നല്‍കുന്ന പ്രവചന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂളില്‍ പ്രത്യേക ബോക്‌സ് തയ്യാറാക്കിക്കൊണ്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയാണ് രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഈ ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കാളികളാകുന്നത്. കൂടാതെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പ്രത്യേക ഗോള്‍ പോസ്റ്റ് ഒരുക്കി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും അണിനിരന്ന സ്‌കൂള്‍ കവാടത്തില്‍ നിന്നും ആരംഭിച്ച ഫാന്‍സ്‌ഷോയും റാലിയും പ്രത്യേക ശ്രദ്ധ നേടി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി. ദിവ്യ അധ്യക്ഷത വഹിച്ചു. പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം ബോക്‌സില്‍ ആദ്യ പ്രവചനസ്ലിപ് നിക്ഷേപിച്ചുകൊണ്ട് പ്രിന്‍സിപ്പാള്‍ വി.കെ. പ്രിയ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ദീപ വിനോദന്‍ ആശംസ പ്രസംഗം നടത്തി.. കായികാധ്യാപിക ലീമാ സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!