കൊട്ടിയൂരിലേക്കുള്ള തീര്‍ത്ഥാടകസംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു: പത്തുപേര്‍ക്ക് പരിക്ക്

മലപ്പുറം: കൊട്ടിയൂരിലേക്കുള്ള തീര്‍ത്ഥാടകസംഘം സഞ്ചരിച്ച
ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ട്രാവലറിന്റെ ഡ്രൈവറായ പാലക്കാട് വടവന്നൂര്‍ സ്വദേശി രാജേഷ്, പാലക്കാട് മുര്‍കശംകുന്ന് വായനശാല സ്വദേശി രമണി (60) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. പാലക്കാട് നിന്ന് കൊട്ടിയൂര്‍ക്ക് പോകുകയായിരുന്നു ട്രാവലര്‍. കോഴിക്കോട്ട് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു ടിപ്പര്‍ ലോറി. ട്രാവലറില്‍ 27പേരും ലോറിയില്‍ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്.ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഒരാള്‍ സംഭവസ്ഥലത്ത് വച്ചും രണ്ടാമത്തെയാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

error: Content is protected !!