കവിയും കോളേജ് അധ്യാപകനുമായ എ.സി. ശ്രീഹരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും മലയാളത്തിലെ ശ്രദ്ധേയ കവിയുമായ
ആലപ്പടമ്പിലെ ഡോ. എ.സി. ശ്രീഹരി (56) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ അര്‍ദ്ധരാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതശരീരം പയ്യന്നൂര്‍ പ്രിയദര്‍ശിനി ഹോസ്പിറ്റലില്‍ . സംസ്‌കാരം പീന്നിട് നടക്കും. പയ്യന്നൂര്‍ കോളേജ് മുന്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയും, പ്രമുഖ അധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്നു ശ്രീഹരി. കഴിഞ്ഞ മെയ് 30നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഡി.സി. ബുക്‌സ് 1999ല്‍ പ്രസിദ്ധീകരിച്ച ‘യുവകവിതക്കൂട്ടം’ എന്ന പുസ്തകത്തിലും, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2001ല്‍ പ്രസിദ്ധീകരിച്ച ‘കവിതയുടെ നൂറ്റാണ്ട്’ എന്ന പുസ്തകത്തിലും കവിതകള്‍ വന്നിട്ടുണ്ട്. എ.സി. ശ്രീഹരിയുടെ കവിതകള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എന്‍.എന്‍. കക്കാട്, വി.ടി.കുമാരന്‍, വൈലോപ്പിള്ളി എന്നി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
ആലപ്പടമ്പ് എ.സി. ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്.
പയ്യന്നൂര്‍ കോളേജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദവും സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ എം.ഫില്‍. 2015ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ‘മലയാള ജനപ്രിയ കലാസിനിമയിലെ ആണത്ത നിര്‍മാണം’ എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി.
പയ്യന്നൂരിന്റെ സാംസ്‌കാരിക ജീവിതത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലമായ സാന്നിധ്യമായി അദ്ദേഹം എപ്പോഴുമുണ്ടായിരുന്നു. പയ്യന്നൂര്‍ ഡയറീസിന്റെ മോഡറേറ്റര്‍ സ്ഥാനം അലങ്കരിച്ചിരുന്നു. ഭാര്യ:കെ.സംഗീത(പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജ് അദ്ധ്യാപിക). മകന്‍: എ.സി. ശ്രീഹര്‍ഷന്‍.
സഹോദരങ്ങള്‍: എ.സി ശുഭ, എ.സി മുരളി. സംസ്‌കാരം പിന്നീട്.

 

error: Content is protected !!