നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്; മകള്‍ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനമിറക്കി. കുടുംബം ഉന്നയിച്ച ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കേസ് സിബിഐക്ക് വിടാനുള്ള അടിയന്തര തീരുമാനമെടുത്തത്. അന്വേഷണം സിബിഐക്ക് വിടുന്നതിനൊപ്പം തന്നെ നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് ആശ്രിത നിയമനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടുംബം തുടക്കം മുതല്‍ക്കേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നവീന്‍ ബാബുവിന്റെ ഭാര്യ നിയമസഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ പി.പി. ദിവ്യ അടക്കമുള്ളവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ അന്വേഷണം നടക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. നവീന്‍ ബാബുവിന്റെ മരണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുകയും പി.പി. ദിവ്യയെ
തള്ളിപ്പറയുകയും ചെയ്ത സി.പി.എം നേതൃത്വം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ നിലപാട് മാറ്റി. സിബിഐ അന്വേഷണം കേന്ദ്രവുമായുള്ള ഒത്തുകളിയാണെന്ന് ഇ.പി. ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ആരോപിച്ചിരുന്നു. മുന്‍പ് റെവന്യൂ മന്ത്രിയായിരുന്ന കെ. രാജന്‍ അടക്കമുള്ളവര്‍ സി.പി.എം നിലപാടിനെ തള്ളി നവീന്‍ ബാബുവിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

error: Content is protected !!