ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്രക്കിടെ വീട്ടമ്മക്ക് കല്ലേറില്‍ പരിക്കേറ്റ സംഭവം: പോലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെ കല്ലേറില്‍ യാത്രക്കാരിയുടെ വലതു കണ്ണിന് താഴെ പരിക്കേറ്റ സംഭവത്തില്‍ റെയില്‍ പോലീസ് അന്വേഷണം തുടങ്ങി. വെളളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ്  മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്
പള്ളിക്കര പൂച്ചക്കാടിന് സമീപം വെച്ചാണ് കല്ലേറുണ്ടായത്. കിഴക്ക് ഭാഗം സീറ്റില്‍ ട്രെയിനിലെ മധ്യത്തായുള്ള കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന നീലേശ്വരം ആലി കീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി. അനിത (48) ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. ജനാലകമ്പിയില്‍ തട്ടിയ കല്ല് തെറിച്ച് കണ്ണില്‍ പതിക്കുകയായിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന ഗ്ലാസ് പൊട്ടി ചിതറികണ്ണിന് താഴെയായി മുറിവേറ്റു. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. റെയില്‍വെ പോലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തു.
സംഭവത്തില്‍ കേസെടുത്ത് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട് റെയില്‍വെ എസ്.ഐ സി.എസ്. സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൂച്ചക്കാട്ടെ സംഭവ പരിസരത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം
തുടങ്ങി.

 

error: Content is protected !!