കാസര്‍കോട്: റയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍ധനര്‍ക്ക് സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിനായി കാസര്‍കോട് ആസ്റ്റര്‍ മിംസിന്റെ ‘ഹങ്കര്‍ ഫ്രീ കാസര്‍കോട്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം എം.എല്‍.എയും നഗരസഭാ ചെയര്‍പേഴ്സണും ചേര്‍ന്ന് പ്രദേശത്തെ നിര്‍ധനരും അശരണരുമായ ആളുകള്‍ക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, ആസ്റ്റര്‍ മിംസ് സി.ഓ.ഓ. സുധീര്‍ ബാസുരി, ആസ്റ്റര്‍ വോളന്റിയേഴ്സ് മലബാര്‍ ഹെഡ് മുഹമ്മദ് അസീം കെ.വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം എം.എല്‍.എ പങ്കെടുത്ത ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്.
നിര്‍ധനരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഇത്തരം ഒരു കാരുണ്യ സേവനവുമായി മുന്നോട്ട് വന്നത് മാതൃകാപരവും ഏറെ അഭിനന്ദനാര്‍ഹവുമാണെന്ന് കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് നഗരസഭയിലെ വാര്‍ഡുകളെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍മാരും ഈ കാരുണ്യപ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളായി.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് ഒരു നേരം പോലും പട്ടിണി കിടക്കേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ആരോഗ്യ പരിരക്ഷയോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ കടമയായി കാണുന്നുയെന്ന് ആശുപത്രി സി.ഓ.ഓ സുധീര്‍ ബാസുരി പറഞ്ഞു. ആസ്റ്റര്‍ വോളന്റിയേഴ്സും ആസ്റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി ഒരുക്കിയ പദ്ധതിയില്‍ ലിവ് ടു സ്മൈല്‍ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ഈ പദ്ധതി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.
കേവലം ഒരു ആരോഗ്യ സ്ഥാപനം എന്നതിലുപരി, സാധാരണക്കാരുടെ വിശപ്പകറ്റുക എന്ന സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് ആശുപത്രി അധികൃതര്‍ ഈ വേറിട്ട സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ യാത്രക്കാരും പൊതുജനങ്ങളും പങ്കെടുത്തു. വരും ദിവസങ്ങളിലും കൃത്യമായ മേല്‍നോട്ടത്തോടെയും ഗുണനിലവാരത്തോടെയും പ്രഭാതഭക്ഷണ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
