നീലേശ്വരം താലൂക്ക് രൂപീകരണം: അടിയന്തിര നടപടി വേണമെന്ന് വില്ലേജ് തല ജനകീയ സമിതി

നീലേശ്വരം:നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് വില്ലേജ് തല ജനകീയ സമിതി പ്രമേയം പാസാക്കി. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായ താലൂക്ക് രൂപീകരണത്തിനായി സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും, നീലേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ എത്രയും വേഗം അനുവദിക്കണമെന്നും സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം പുഴയിലെ പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയുക, നീലേശ്വരം പുഴ മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ ആകാശപാത അനുവദിക്കുക എന്നീ ആവശ്യങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ യോഗം ആവശ്യപ്പെട്ടു. ഒപ്പം, പണി പൂര്‍ത്തിയാകാത്ത മണ്‍പാത ഗതാഗതത്തിന് തുറന്നുകൊടുത്ത് സമരസമിതിയുമായി സംഘര്‍ഷാത്മക സാഹചര്യമുണ്ടാക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നടപടികള്‍ അവസാനിപ്പിക്കണമെന്നും സമിതി സര്‍ക്കാരിന് സമര്‍പ്പിക്കുന്ന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടായേക്കാവുന്ന കെടുതികള്‍ നേരിടുന്നതിനുള്ള മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. സര്‍ക്കാര്‍ തലത്തിലും നഗരസഭ എന്ന നിലയിലും ഓരോ വാര്‍ഡിലും വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. മരങ്ങള്‍, വൈദ്യുതി തൂണുകള്‍, കമ്പികള്‍ എന്നിവ പൊട്ടിവീണാല്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികളും, ഗതാഗത തടസ്സമുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. യോഗത്തില്‍ നഗരസഭ അംഗം വി. രാജം അധ്യക്ഷത വഹിച്ചു. പി. ഭാര്‍ഗ്ഗവി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സി. രാഘവന്‍, എസ്.വി.ഒ. പ്രസീത എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!