പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ പ്രശസ്ത സിനിമ സീരിയല്‍ താരം രചന നാരായണന് കുട്ടിയുടെ കുച്ചിപ്പുടി നൃത്താവതരണം ആസ്വാദകര്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭവമാണ് നല്‍കിയത്. കാവാലം നാരായണ പണിക്കരുടെ ബാലഗണപതി സ്തുതിയോടെ ആരംഭിച്ചു ദുര്‍ഗ്ഗാ തരംഗത്തോടെ തന്റെ അഭിനയ മികവ് മുഴുവനും രചന പുറത്തെടുക്കയായിരുന്നു. പ്രശസ്ത ഭക്തിഗാനമായ ഗുരുവായൂര്‍ ഏകാദശി തൊഴുവാന്‍ എന്നതിന് കാണികള്‍ക്കിടയില്‍ ചെന്നിറങ്ങി നൃത്തം ചെയ്തപ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സു മുഴവനും ഭക്തിലഹരിയില്‍ ആറാടി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് രചന നാരായണന് കുട്ടി ഗോശാലയില്‍ നൃത്തം ചെയ്യുന്നത്. തന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു വേദിയാണ് ഗോശാലയെന്നും ഇവിടെ നൃത്തം ചെയ്യുന്നത് ഒരു പുണ്യമായിട്ടാണ് കരുതുന്നതെന്നും രചന അഭിപ്രായപ്പെട്ടു. പിന്നണിയില്‍ ഗുരുവായൂര്‍ ഭാഗ്യലക്ഷ്മി പാടിയപ്പോള്‍ കാര്‍ത്തിക നട്ടുവാംഗത്തില്‍ സഹകരിച്ചു. കലാമണ്ഡലം നവീന്‍ മൃദംഗത്തിലും ശ്രീജിത്ത് കമ്മത്ത് പുല്ലാങ്കുഴലിലും പക്കമേളമൊരുക്കി.
