എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് മുന്‍ ജില്ലാ സാരഥി കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയിലെ സി.എച്ച്.ആലിക്കുട്ടി ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് മുന്‍ ജില്ലാ സാരഥിയും സോണ്‍ മുന്‍ പ്രസിഡന്റുമായിരുന്ന കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയിലെ സി.എച്ച്.ആലിക്കുട്ടി ഹാജി (75) അന്തരിച്ചു. കോട്ടച്ചേരി ബദരിയ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ പഴയ കാല വസ്ത്രവ്യാപാര സ്ഥാപനമായ ഫിര്‍ദൗസ് ഫാബ്രിക്‌സ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ പാര്‍ട്ണറും ആയിരുന്നു. കാഞ്ഞങ്ങാട് മേഖലയില്‍ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും മതസാമൂഹിക രംഗങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യവുമായിരുന്നു. മദീനയിലെ റൗളാ ശരീഫുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം റമദാനില്‍ റൗളാ ശരീഫ് മാത്രം ലക്ഷ്യമാക്കി യാത്രകളും നടത്തിയിരുന്നു. ഹറമുകളില്‍ ദീര്‍ഘ നേരമിരുന്ന് ഖുര്‍ആന്‍ പാരായണത്തിലും സ്വലാത്തിലും മുഴുകുന്നതും പതിവായിരുന്നു. സമ്പാദ്യത്തില്‍ വലിയൊരു ഭാഗം പാവപ്പെട്ടവര്‍ക്കായി മാറ്റി വച്ച് അശരണരായ നിരവധി കുടുംബങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചു നല്‍കാനും അതിനായി സ്ഥലം വിട്ടു നല്‍കാനും മുന്നിട്ടിറങ്ങി. ഭാര്യമാര്‍: സീനത്ത് (പാണത്തൂര്‍ ), പരേതയായ മുനീറ. മക്കള്‍: നദീറലി, ആത്തിഖ, മര്‍ഹമത് റാഹില, ഫാത്തിമ, ഖദീജ, ബഷീര്‍. മരുമക്കള്‍: ഉസ്മാന്‍ (ബല്ലാ കടപ്പുറം), മുസ്തഫ ഹാജി (നിടുങ്കണ്ട), അബ്ദുല്‍ അസീസ് അഷ്‌റഫി (പ്രമുഖ വാഗ്മി), നാസര്‍ (ബല്ലാ കടപ്പുറം), ഷംന, ഹുസ്‌ന. സഹോദരങ്ങള്‍: സി.എച്ച്. ബഷീര്‍, പരേതരായ സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി, സി.എച്ച്.മുഹമ്മദ് ഹാജി, സി.എച്ച്. മൊയ്തു ഹാജി, സി.എച്ച്. ഇബ്രാഹിം ഹാജി, സി.എച്ച്.ഇസ്മായില്‍ ഹാജി, സി.എച്ച്. ആയിഷ. ഖബറടക്കം ഉച്ചയ്ക്ക് കൊവ്വല്‍പ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

error: Content is protected !!