ഗ്യാസ് ക്ഷാമം: കാഞ്ഞങ്ങാട്ട് ഹോട്ടലുടമകളുടെ പ്രതിഷേധ ധര്‍ണ്ണ നടത്തി; ജില്ലാ പ്രസിഡന്റ് രഘുവീര്‍ പൈ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഹോട്ടല്‍ മേഖലയിലെ രൂക്ഷമായ പാചകവാതക ക്ഷാമത്തിന് പരിഹാരം കാണാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (കെ എച്ച് ആര്‍ എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഭാരത് ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. അതിഞ്ഞാലിലെ ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് രഘുവീര്‍ പൈ ഉദ്ഘാടനം ചെയ്തു. കരീംബേക്കല്‍ അദ്ധ്യക്ഷത വഹിച്ചു.  ?ഗ്യാസ് വിതരണം പുനഃസ്ഥാപിച്ചതായി അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഹോട്ടലുകള്‍ക്ക് ആവശ്യമായ സിലിണ്ടറുകള്‍ ഇപ്പോഴും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിതരണക്കാരുടെ നിരുത്തരവാദപരമായ സമീപനം മൂലം പല ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി പാചകവാതക ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്യാസ് ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ബോധപൂര്‍വ്വമായ മെല്ലെപ്പോക്കിനെതിരെ ശക്തമായ ഭാഷയിലാണ് അസോസിയേഷന്‍ പ്രതിഷേധിച്ചത്. ആവശ്യത്തിന് ഗ്യാസ് ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. അസോസിയേഷന്‍ ജില്ലാപ്രാദേശിക നേതാക്കളും ഹോട്ടലുടമകളും ധര്‍ണ്ണയില്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എം. ഗംഗാധരന്‍ സ്വാഗതവും ഹമീദ് കുളിയങ്കാല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!