11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി അഞ്ച് വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. വടക്കേ തൃക്കരിപ്പൂര്‍, വെള്ളാപ്പ്, മീലിയാട്ട് സ്വദേശി ഖദീജ മന്‍സില്‍ അബ്ദുള്‍ റഷീദ് (56) നെയാണ് ഹോസ്ദുര്‍ഗ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് കൂടി അനുഭവിക്കണം. 2024 മെയ് 3 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 11 വയസ്സുകാരി, പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ ഒറ്റയ്ക്കായിരുന്ന സമയം സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പോക്‌സോ ആക്ട് സെക്ഷന്‍ 10 ആര്‍ / ഡബ്ലിയു 9( എം ) പ്രകാരമാണ് ശിക്ഷ വിധിച്ചത്. ചന്തേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ എന്‍ വിപിനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ എ. ഹാജരായി.

 

error: Content is protected !!